ന്യൂഡല്‍ഹി:എസ്.എന്‍.സി ലാവ്‌ലിന്‍ കേസ് ജനുവരിയിലേക്ക് മാറ്റി.കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി മാറ്റി വച്ചത്.ജസ്റ്റിസുമാരായ എന്‍.വി രമണ, എം.ശാന്തന ഗൗഡര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസ് മാറ്റി വെച്ചത്.
തന്റെ കക്ഷിക്ക് അനുകൂലമായി രണ്ടു കോടതികളുടെ വിധികള്‍ ഉണ്ടെന്നും ഹര്‍ജികള്‍ വേഗത്തില്‍ പരിഗണിക്കണമെന്നും പിണറായിയുടെ അഭിഭാഷകന്‍ വി ഗിരി കോടതിയില്‍ ആവശ്യപ്പെട്ടു.എല്ലാ ഹര്‍ജികളും കോടതി ഫയലില്‍ സ്വീകരിച്ചു. ഇവ ഒരുമിച്ച് പരിഗണിക്കാമെന്നും കോടതി അറിയിച്ചു.
2017 ആഗസ്റ്റ് 23നാണ് പിണറായി വിജയന്‍,മുന്‍ ഊര്‍ജ സെക്രട്ടറി മോഹന ചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി ഫ്രാന്‍സിസ് എന്നിവരെ കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. എന്നാല്‍ ലാവ്‌ലിന്‍ കേസില്‍ പിണറായിക്കെതിരെ കൂടുതല്‍ തെളിവുകളുണ്ടെന്നും,പിണറായി അറിയാതെ ലാവ്‌ലിന്‍ ഇടപാട് നടക്കില്ലെന്നുമാണ് സി.ബി.ഐയുടെ വാദം.