ദില്ലി: സഹപ്രവര്‍ത്തകയെ ലൈംഗകമായി പീഡിപ്പിച്ചുവെന്ന കേസില്‍ തെഹല്‍ക സ്ഥാപക എഡിറ്റര്‍ തരുണ്‍ തേജ്പാലിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തേജ്പാല്‍ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.തേജ്പാല്‍ ചെയ്തത് ഗുരുതരമായ കുറ്റകൃത്യമാണെന്നും കേസിന്റെ വിചാരണ ആറു മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും ജസ്റ്റിസുമാരായ അരുണ്‍ മിശ്ര,ബി ആര്‍ ഗവായ്,എം ആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.
2013 സെപ്റ്റംബറില്‍ പനാജിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന ബിസിനസ് മീറ്റിനിടെ സഹപ്രവര്‍ത്തകയെ ലിഫ്റ്റിനുള്ളില്‍ വച്ചു പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് തേജ്പാലിനെതിരായ കേസ്.2013 നവംബറില്‍ തേജ്പാലിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഗോവയിലെ കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്.