ലോകത്തെ ഏറ്റവും കരുത്തരായ സ്ത്രീകളുടെ പട്ടികയില്‍ പ്രിയങ്ക ചോപ്രയും. ഫോര്‍ബ്‌സ് മാസിക പ്രസിദ്ധീകരിച്ച പട്ടികയിലാണ് വിനോദ മാധ്യമ രംഗത്തെ ഏറ്റവും കരുത്തരായ സ്ത്രീകളുടെ പട്ടികയില്‍ പതിനഞ്ചാം സ്ഥാനവും ആദ്യ നൂറ് പേരില്‍ തൊണ്ണൂറ്റിയേഴാം സ്ഥാനവും പ്രിയങ്ക നേടിയത്.

ജര്‍മന്‍ ചാന്‍സ്ലര്‍ ആഞ്ചേല മെര്‍ക്കല്‍ ആണ് പട്ടികയില്‍ ഒന്നാമത്. പോപ്പ് ഗായിക ബിയോണ്‍സ് അന്‍പതാം സ്ഥാനവും ടെയ്‌ലര്‍ സ്വിഫ്റ്റ് എണ്‍പത്തിയഞ്ചാം സ്ഥാനവും നേടി. വിനോദ മാധ്യമ രംഗത്തെ പട്ടികയില്‍ യഥാക്രമം നാലാം സ്ഥാനവും പന്ത്രണ്ടാം സ്ഥാനവുമാണ് ഇരുവരും നേടിയത്.

യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകളും വ്യാവസായിക സംരഭകയുമായ ഇവാന്‍കയും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ‘ബോളിവുഡും കടന്ന് ഹോളിവുഡിലെത്തി വിജയം കൈവരിച്ച ഒരു അഭിനേത്രിയാണ് ചോപ്ര എന്നത് തര്‍ക്കമില്ലാത്ത വിഷയമാണ്. എബിസിയുടെ ക്വാണ്ടിക്കോയിലെ താരമെന്ന നിലയ്ക്ക് ടെലിവിഷന്‍ മേഖലയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടിയും അമേരിക്കന്‍ ടെലിവിഷനില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആദ്യ ഇന്ത്യന്‍ താരവും.’ എന്നാണ് പ്രിയങ്കയെക്കുറിച്ച് ഫോര്‍ബ്‌സ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ന്യൂയോര്‍ക്കില്‍ ക്വാണ്ടിക്കോ സീരീസിന്റെ മൂന്നാം സീസണിന്റെ ചിത്രീകരണത്തിലാണ് പ്രിയങ്ക ഇപ്പോള്‍. ഫോര്‍ബ്‌സ് പ്രസിദ്ധീകരിച്ച 2017 ലെ ബോളിവുഡിലെ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന താരങ്ങളുടെ പട്ടികയില്‍ പ്രിയങ്ക ഏഴാം സ്ഥാനം നേടിയിരുന്നു.