തിരുവനന്തപുരം:ലോക്സഭാ തെരഞ്ഞെടുപ്പിന് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് നാളെ മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം.പൊതു അവധി ദിവസങ്ങളിലൊഴികെ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെ വരണാധികാരിയായ ജില്ലാ കളക്ടര്‍മാര്‍ക്ക് പത്രിക സമര്‍പ്പിക്കാം. ഏപ്രില്‍ 4 ആണ് പത്രിക സ്വീകരിക്കുന്ന അവസാന തീയതി.ഏപ്രില്‍ അഞ്ചിനാണ് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന.എട്ടു വരെ പത്രിക പിന്‍വലിക്കാം.ഏപ്രില്‍ 23നാണ് വോട്ടെടുപ്പ്.മേയ് 23ന് വോട്ടെണ്ണും .
നാമനിര്‍ദേശ പത്രികയ്ക്കൊപ്പം സ്ഥാനാര്‍ഥിയുടെ പൂര്‍ണ വിവരങ്ങള്‍ അടങ്ങിയ ഫോം 26 കൂടി സമര്‍പ്പിക്കണം. സ്ഥാനാര്‍ഥിയുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ അടക്കമുള്ള സ്വത്ത്,വായ്പാ വിവരങ്ങള്‍,സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുള്ള കുടിശികയുടെ വിവരങ്ങള്‍ തുടങ്ങിവ ഇതില്‍ രേഖപ്പെടുത്തണം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നയാളുടെ പേരില്‍ ക്രിമിനല്‍ കേസുണ്ടെങ്കില്‍ അവ സംബന്ധിച്ച എഫ്.ഐ.ആര്. അടക്കമുള്ള പൂര്‍ണ വിവരങ്ങളും ഫോം 26ല്‍ പരാമര്‍ശിക്കണം.ജനറല്‍ വിഭാഗത്തിന് 25,000 രൂപയും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിന് 12,500 രൂപയുമാണ് സ്ഥാനാര്‍ഥിയാകാന്‍ കെട്ടിവയ്ക്കേണ്ട തുക.
സ്ഥാനാര്‍ഥി ഉള്‍പ്പെടെ അഞ്ചു പേര് മാത്രമേ പത്രികാ സമര്‍പ്പണത്തിന് എത്താവൂ എന്നു നിര്‍ദേശിച്ചിട്ടുണ്ട്.