തിരുവനന്തപുരം:ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയുള്‍പ്പെടെ നാല് മണ്ഡലങ്ങളില്‍ മല്‍സരിക്കുമെന്ന് ആര്‍എംപി.വടകര, ആലത്തൂര്‍, കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങളിലാണ് ആര്‍എംപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത്. വടകര തിരിച്ചു പിടിക്കാനൊരുങ്ങി ശക്തനായ പി.ജയരാജനെത്തന്നെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കിയിരിക്കെ ആര്‍എംപിയുടെ വടകരയിലെ സാന്നിധ്യം നിര്‍ണ്ണായകമാവും. വടകരയില്‍ യു.ഡി.എഫ് ഇതുവരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.മുല്ലപ്പള്ളി രാമചന്ദ്രന്‍ മല്‍സരിക്കാനില്ലെന്നു നേരത്തേ വ്യക്തമാക്കിയിരുന്നു.
2009 ല്‍ ടി.പി. ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ആര്‍.എം.പി രൂപീകൃതമായശേഷമാണ് വടകര മണ്ഡലം എല്‍.ഡി.എഫിന് നഷ്ടമായത്.വടകരയില്‍ ആര്‍.എം.പി യു.ഡി.എഫുമായി സഖ്യമുണ്ടാക്കുമെന്ന പ്രചാരണമുണ്ടായിരുന്നെങ്കിലും പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പുണ്ടാകുമെന്ന വിലയിരുത്തലിനെത്തുടര്‍ന്ന് അത്തരം നീക്കങ്ങളുണ്ടായില്ല.ടിപി ചന്ദ്രശേഖരന്റെ വിധവയായ കെ.കെ.രമയെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി നിര്‍ത്തണമെന്ന ആവശ്യമുയരുന്നുണ്ട്.