തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെ മനുഷ്യ മന:സാക്ഷിയെ ഞെട്ടിച്ച വക്കം ഷെബീര്‍ വധ കേസിലെ പ്രതികള്‍ക്ക് എട്ട് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. കേസിലെ ഒന്നുമുതല്‍ നാല് വരെയുള്ള പ്രതികളായ സതീഷ്, സന്തോഷ്, ഉണ്ണിക്കുട്ടന്‍ എന്ന വിനായക്, വാവ എന്ന കിരണ്‍കുമാര്‍ എന്നിവരെയാണ് ശിക്ഷിച്ചത്. മനപൂര്‍വ്വമല്ലാത്ത നരഹത്യ, മാരകായുധം ഉപയോഗിക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹരിപാല്‍ ശിക്ഷ വിധിച്ചത്.

കേസിലെ ആറാം പ്രതി നിതിന്‍ എന്ന മോനുക്കുട്ടനെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടു. കേസിലെ അഞ്ചാം പ്രതി രാജു ആതമഹത്യ ചെയ്തിരുന്നു. പിഴ തുക മരണപ്പെട്ട ഷെബീറിന്റെ അമ്മ നസീമയക്ക് നല്‍കാനും ഉത്തരവിലുണ്ട്.

നീതി ലഭിച്ചിട്ടില്ലെന്നും, ഹൈക്കോടതിയെ സമീപിക്കുമെന്നും കെല്ലപ്പെട്ട ഷെബീറിന്റെ ബന്ധുക്കള്‍ പ്രതികരിച്ചു. കേസിന്റെ വിചാരണ ആറ് മാസം കൊണ്ടാണ് പൂര്‍ത്തി ആക്കിയത്. കെല്ലപ്പെട്ട ഷെബീറിന്റെ പ്രായം കണ്ടക്കിലെടുത്ത് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കേസില്‍ 43 സാക്ഷികളെയും 74 രേഖകളും കോടതി വിചാരണ വേളയില്‍ പരിഗണിച്ചു.

2016 ജനുവരി 31ന് നിലയ്ക്കാമുക്ക് ഭാഗത്തുനിന്ന് വക്കത്തേക്ക് ബൈക്കില്‍ വന്ന ഷെബീറും സുഹൃത്ത് ഉണ്ണികൃഷണനെയും തോപ്പിക്കമിളാകം റെയില്‍വേ ഗേറ്റിന് സമീപത്ത് വെച്ച് നാലംഗ സംഘം തടഞ്ഞ് കാറ്റാടിക്കഴ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പുത്തന്‍നട ദേവീ ക്ഷേത്ര ഉല്‍സവ ചടങ്ങ് സമയത്ത് എഴുന്നള്ളത്തിന് എത്തിച്ച ആനയുടെ വാലില്‍ തൂങ്ങി ചിലര്‍ ആടി. വിരണ്ട ആന കായലില്‍ ചാടുകയും ചെയ്തു. ഈ കേസിലെ പ്രതികള്‍ക്കെതിരെ കൊല്ലപ്പെട്ട ഷെബീര്‍ മൊഴി നല്‍കി. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകം നടന്നത് എന്നാണ് പൊലീസ് കേസ്. സംഭവത്തിന്റെ മൊബൈലില്‍ പകര്‍ത്തിയ വീഡിയോ ദൃശ്യമാണ് പ്രതികളെ വേഗത്തില്‍ തിരിച്ചറിയാന്‍ പൊലീസിനെ സഹായിച്ചത്.