ഇടുക്കി:വണ്ടിപ്പെരിയാറില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ മര്‍ദിച്ച അധ്യാപികയെ സസ്‌പെന്റ് ചെയ്തതിനു പിന്നാലെ സ്‌കൂളിലെ പ്രധാനാദ്ധ്യാപകനും സസ്പെന്‍ഷന്‍. ജോലിയില്‍ കൃത്യവിലോപം കാണിച്ചതിനും സംഭവം മേലധികാരികളെ അറിയിക്കാത്തതിനും പ്രധാനാദ്ധ്യാപകനായ ബാബുരാജിനെയാണ് അന്വേഷണ വിധേയമായി ഡി.ഡി.ഇ സസ്പെന്‍ഡ് ചെയ്തത്.മാപ്പുപറഞ്ഞ് പ്രശ്‌നം ഒത്തുതീര്‍ക്കാനായിരുന്നു ബാബുരാജ് ശ്രമിച്ചതെന്നാണ് പ്രധാന ആക്ഷേപം.
അതേസമയം വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതിന് സസ്‌പെന്‍ഷനിലായ അധ്യാപിക ഷീല അരുള്‍റാണി ഒളിവിലാണ്.ഇവരെ കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണ്.
ബുക്കില്‍ എഴുതിയപ്പോള്‍ അക്ഷരം വളഞ്ഞു പോയെന്ന് പറഞ്ഞായിരുന്നു അധ്യാപിക ഒന്നാം ക്ലാസുകാരനായ ഹരീഷിനെ ചൂരലുകൊണ്ട് പുറത്തടിച്ചത്.കുട്ടിയെ കുളിപ്പിക്കുമ്പോഴാണ് പുറത്ത് പന്ത്രണ്ടോളം പാടുകള്‍ ഉണ്ടായിരുന്നത് അമ്മയുടെ ശ്രദ്ധയില്‍പ്പെട്ടത്.വേദന സഹിക്കാതായതോടെ കുട്ടിയെ തൊട്ടടുത്ത പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചശേഷം മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.