കൊച്ചി:വനിതാ മതിലില്‍ സര്‍ക്കാരിന് തിരിച്ചടി.ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലം തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് സര്‍ക്കാര്‍ പറഞ്ഞതില്‍ വാസ്തവമില്ലെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ നിന്നും വ്യക്തമാകുന്നു. വനിതാ മതിലിനായി ബജറ്റിലെ തുക ഉപയോഗിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍നിന്ന് മനസിലാകുന്നതെന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്.എന്നാല്‍ സര്‍ക്കാരിന്റെ നയപരിപാടിയുടെ ഭാഗമായതിനാല്‍ ഇടപെടുന്നില്ലെന്നും ബജറ്റില്‍ നിന്ന് എത്ര തുക ചെലവഴിച്ചുവെന്നു ബോധ്യപ്പെടുത്തണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
വനിതാ മതിലിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തെ തെറ്റായി വ്യാഖ്യാനിച്ചുവെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞദിവസം പത്രക്കുറിപ്പിലൂടെ അറിയിച്ചത്.വനിതാ മതിലിന് 50 കോടി രൂപ ചെലവാക്കുമെന്നും സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചുവെന്നത് തെറ്റാണെന്നായിരുന്നു സര്‍ക്കാരിന്റെ വാദം.എന്നാല്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിലൂടെ ഇതെല്ലാം പൊളിയുകയാണ്.