തിരുവനന്തപുരം:വീണ്ടും വനിതാമതിലിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വനിതാമതില്‍ വര്‍ഗീയ മതിലാണെന്നും ചരിത്രത്തോട് ചെയ്യുന്ന അനീതിയാണെന്നും ചെന്നിത്തല പറഞ്ഞു.തികച്ചും രാഷ്ട്രീയ പരിപാടിയായ വനിതാമതിലിന് നികുതിദായകരുടെ പണം ചെലവഴിക്കുന്നത് ശരിയല്ലെന്നും ചെന്നിത്തല പറഞ്ഞു.
സാലറി ചലഞ്ച് പോലെ ജീവനക്കാരെ അടക്കം പരിപാടിയില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കുന്ന സര്‍ക്കുലറിന് ചീഫ് സെക്രട്ടറി മറുപടി പറയേണ്ടി വരുമെന്നും സര്‍ക്കാര്‍ നടത്തുന്നത് അധികാര ദുര്‍വിനിയോഗമാണെന്നും ചെന്നിത്തല പറഞ്ഞു.
സി പി എമ്മിനോ,എല്‍ ഡി എഫിനോ മതില്‍ കെട്ടണമെങ്കില്‍ അത് പാര്‍ട്ടി പണം ഉപയോഗിച്ച് വേണം. പ്രളയ പുനര്‍നിര്‍മ്മാണം എങ്ങും എത്തിയിട്ടില്ല. പ്രളയബാധിത പ്രദേശങ്ങള്‍  19-ാം
തിയതി മുതല്‍ ജനുവരി നാലുവരെ സന്ദര്‍ശിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം വനിതാമതില്‍ പണിയാന്‍ സര്‍ക്കാര്‍ ഏതു പണമാണുപയോഗിക്കുന്നതെന്ന്  വ്യക്തമാക്കണമെന്ന് കെ.മുരളീധരന്‍എംഎല്‍എ.പറഞ്ഞു.പ്രളയപുനര്‍നിര്‍മാണത്തിനുള്ള പണമാണോ ഉപയോഗിക്കുന്നതെന്നും മുരളീധരന്‍ ചോദിച്ചു.