മലപ്പുറം: വയനാടിന്റെ ജനപ്രതിനിധിയായ രാഹുല്‍ഗാന്ധി വയനാട്ടുകാരുടെ ദുരിതം നേരിട്ടറിയാനെത്തി.പോത്തുകല്‍ ദുരിതാശ്വാസക്യാമ്പിലെത്തിയതിനു പിന്നാലെ ഉരുള്‍പൊട്ടല്‍ നാമാവശേഷമാക്കിയ കവളപ്പാറയുടെ ദുരന്തമുഖവും രാഹുല്‍ നേരിട്ടു കണ്ടറിഞ്ഞു. ഇന്ന് കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ തങ്ങുന്ന രാഹുല്‍ ഗാന്ധി നാളെ കല്‍പ്പറ്റയിലെത്തിയശേഷം വയനാട്ടിലെ ദുരിതബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തും.തുടര്‍ന്ന് അവലോകനയോഗത്തിലും പങ്കെടുത്ത ശേഷം മടങ്ങും.
കവളപ്പാറയോട് അടുത്തുള്ള പോത്തുകല്ല് ദുരിതാശ്വാസ ക്യാമ്പിലെത്തിയ രാഹുല്‍ ഗാന്ധി ദുരിതബാധിതരോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള അപകടമേഖലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത് കണക്കിലെടുത്ത് രാഹുല്‍ അഞ്ച് മിനിറ്റ് മാത്രം കവളപ്പാറയില്‍ ചെലവഴിച്ചശേഷം മടങ്ങുകയായിരുന്നു. തുടര്‍ന്ന് മമ്പാട് എംഇഎസ് കോളേജിലെ ദുരിതാശ്വാസ ക്യാമ്പിലും സന്ദര്‍ശിച്ച ശേഷം രാഹുല്‍ ഗാന്ധി ഗസ്റ്റ് ഹൗസില്‍ നടക്കുന്ന അവലോകന യോഗത്തില്‍ പങ്കെടുത്തു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും അടക്കം കോണ്‍ഗ്രസ് നേതാക്കളും ജനപ്രതിനിധികളും രാഹുല്‍ ഗാന്ധിക്ക് ഒപ്പമുണ്ടായിരുന്നു.