കല്‍പ്പറ്റ:മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബംഗങ്ങള്‍ക്ക് നാല് ലക്ഷം രൂപയും വീട് നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപയും,വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപയും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനമായി. മുഖ്യമന്ത്രിയുടെ വകയായി 1 ലക്ഷം രൂപ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കി.ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ക്ക് 3800 രൂപ വീതവും സൗജന്യ റേഷനും നല്‍കും.

വയനാട് ജില്ലയിലെ ദുരിതബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന അവലോകനയോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രിയെ കൂടാതെ റവന്യൂ മന്ത്രി,ചീഫ് സെക്രട്ടറി,റവന്യൂ സെക്രട്ടറി,ഡിജിപി, ജനപ്രതിനിധികള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഇതിന്റെ ഡ്യൂപ്ലിക്കേറ്റ് നല്‍കാന്‍ പ്രത്യേക അദാലത്ത് നടത്തും.പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് പകരം പാഠപുസ്തങ്ങള്‍ നല്‍കും.2744 കുടുംബങ്ങളാണ് വയനാട്ടില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്.വേണ്ടിവന്നാല്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കും.
വയനാട് ജില്ലയിലെ ദുരിത മേഖലകളില്‍ കൂടുതല്‍ മെഡിക്കല്‍ ക്യാമ്പുകള്‍ നാളെ മുതല്‍ തുടങ്ങും.കൂടുതല്‍ മെഡിക്കല്‍ സംഘങ്ങളെയും മരുന്നും എത്തിക്കാനുള്ള നടപടി സ്വീകരിച്ചുവരികയാണ്.വയനാട് നിന്നും കോഴിക്കോട്ടേക്ക് പോകുന്ന മുഖ്യമന്ത്രിയും സംഘവും വൈകീട്ട് കൊച്ചിയിലെത്തും.