മാനന്തവാടി:വയനാട്ടില്‍ വീണ്ടും കുരങ്ങുപനി സ്ഥിരീകരിച്ചു. പനി ബാധിച്ച് ഈമാസം 20ന് ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ച ബാവലി സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. മണിപ്പാല്‍ വൈറോളജി ലാബിലേക്കയച്ച യുവാവിന്റെ രക്തസാമ്പിളുകളുടെ പരിശോധനാഫലം ലഭിച്ചതോടെയാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്.നേരത്തെ തിരുനെല്ലി സ്വദേശിയായ യുവാവിനാണ് കുരങ്ങുപനി ബാധിച്ചത്.
ജില്ലയില്‍ കുരങ്ങു പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ദുരന്തനിവാരണ അതോറിറ്റി വനംവകുപ്പിനും ആദിവാസി ക്ഷേമ വകുപ്പിനും ആരോഗ്യവകുപ്പിനും അതീവ ജാഗ്രതാ നിര്‍ദേശം നല്കി. ആരോഗ്യവകുപ്പ് അപ്പപ്പാറ ആരോഗ്യകേന്ദ്രത്തില്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം രൂപീകരിച്ച് തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.
കുരങ്ങിന്റെ ചെള്ള് കടിച്ചാണ് മനുഷ്യരിലേക്ക് രോഗം പകരുന്നത്. വൈറസ് രോഗമായതിനാല്‍ പടര്‍ന്നുപിടിക്കും. ഇടവിട്ടുണ്ടാകുന്ന ശക്തമായ പനി,തലകറക്കം,ഛര്‍ദ്ദി,ദേഹം ചൊറിഞ്ഞു തടിക്കല്‍,ക്ഷീണം,രോമകൂപങ്ങളില്‍ നിന്ന് രക്തസ്രാവമുണ്ടാകുക തുടങ്ങിയവയാണ് കുരങ്ങു പനിയുടെ പ്രധാന ലക്ഷണങ്ങള്‍.
വനത്തില്‍ പോകുന്നവര്‍ക്ക് കുരങ്ങുപനി വരാനുള്ള സാധ്യത കൂടുതലായതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.അതുപാലെ രോഗബാധ തടയാന്‍ വളര്‍ത്തുമൃഗങ്ങിലെ ചെള്ളുകളെ നശിപ്പിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.
