വൈത്തിരി:വയനാട് വൈത്തിരിയില്‍ ഇന്നലെ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് മാവോയിസ്റ്റ് പ്രവര്‍ത്തകനായ സിപി ജലീല്‍ എന്ന് സ്ഥിരീകരണം.മലപ്പുറം പാണ്ടിക്കാട് സ്വദേശിയാണ് സിപി ജലീല്‍.ജലീലിന്റെ സഹോദരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ സിപി റഷീദ് ജലീലിനെ തിരിച്ചറിഞ്ഞു. ജലീലിന്റെ സുഹൃത്തുക്കളും ബന്ധുക്കളും കല്പ്പറ്റയിലെത്തിയിട്ടുണ്ട്. മൃതദേഹം വിട്ടുനല്‍കണമെന്നാണ് ഇവരുടെ ആവശ്യം.
2014 മുതല്‍ ജലീല്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. ജലീലിന്റെ പേരില്‍ നിരവധി കേസുകളുമുണ്ട്. മാവോയിസ്റ്റ് കബനീ ദളത്തിന്റെ നേതാവ് സിപി മൊയ്തീന് ജലീലിന്റെ മറ്റൊരു സഹോദരനാണ്.
വയനാട് വൈത്തിരിയിലെ റിസോര്‍ട്ടില്‍ ഇന്നലെ തണ്ടര്‍ബോള്‍ട്ടുമായുണ്ടായ ഏറ്റുമുട്ടലില്‍ വെടിയേറ്റാണ് ജലീല്‍ മരിച്ചത്.രാവിലെ റിസാര്ട്ടിനു സമീപം കമിഴന്നു കിടന്ന നിലയിലാണ് ജലീലിന്റെ മൃതദേഹം കണ്ടെത്തിയത്.ഏറ്റുമുട്ടലിനിടെ ഒരു മാവോയിസ്റ്റ് അറസ്റ്റിലായിട്ടുണ്ട്.രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ക്കായി വനത്തില്‍ തിരച്ചില്‍ തുടരുകയാണ്.
വൈത്തിരിയില്‍ പൊലീസ് ഉന്നതതല യോഗം ചേര്‍ന്നു.കണ്ണൂര്‍ റേഞ്ച് ഐജിയുടെ നേതൃത്വത്തിലായിരുന്നു യോഗം.യോഗത്തില്‍ കണ്ണൂര്‍ റേഞ്ച് ഐജി ബല്‍റാം കുമാര്‍ ഉപാധ്യായ,വയനാട് എസ്പി ആര് കറുപ്പ് സ്വമി,ജില്ല കളക്ടര്‍ സി.കെ അജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.