കരിപ്പൂര്‍:വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച വയനാട്ടിലെ വോട്ടര്‍മാരോട് നന്ദി പറയാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി.കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ രാഹുല്‍ ഗാന്ധിയെ മുതിര്‍ന്ന യു.ഡി.എഫ് നേതാക്കള്‍ സ്വീകരിച്ചു.ഇന്ന് മലപ്പുറം ജില്ലയിലെ കാളികാവ് നിലമ്പൂര്‍ എടവണ്ണ അരീക്കോട് എന്നിവിടങ്ങളില്‍ പൊതുപരിപാടികളില്‍ പങ്കെടുക്കും.തുടര്‍ന്ന് ഇന്നുതന്നെ റോഡ് മാര്‍ഗം വയനാട്ടിലേക്ക് തിരിക്കുന്ന രാഹുല്‍ കല്‍പ്പറ്റയിലെ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ വിശ്രമിക്കും. മണ്ഡലത്തിലുടനീളം എസ്.പി.ജി കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.കേരള നേതാക്കളുമായി
രാഹുല്‍ വിശദമായ ചര്‍ച്ച നടത്തും.നാളെയും മറ്റന്നാളും രാഹുല്‍ വയനാട് ലോക്‌സഭാ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തും.

രമേശ് ചെന്നിത്തല, കെസി വേണുഗോപാല്‍, പി കെ. കുഞ്ഞാലിക്കുട്ടി, ഡിസിസി പ്രസിഡന്റ് പ്രകാശ് ബാബു, ടി സിദ്ധിഖ്, പിവി അബ്ദുള്‍ വഹാബ്, ലാലി വിന്‍സന്റെ എന്നിവര്‍ രാഹുലിനെ സ്വീകരിക്കാന്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയിരുന്നു.
നാളെ രാവിലെ 9.10 ന് കലക്ടറേറ്റിലെ എം.പി ഫെസിലിറ്റേഷന്‍ സെന്റര്‍ സന്ദര്‍ശിച്ചശേഷം 10. 10 ന് കല്‍പ്പറ്റയിലെ സ്വീകരണ പരിപാടിയില്‍ പങ്കെടുക്കും. തുടര്‍ന്ന് കമ്പളക്കാട് പനമരം മാനന്തവാടി പുല്‍പ്പള്ളി സുല്‍ത്താന്‍ബത്തേരി എന്നിവിടങ്ങളില്‍ പൊതുപരിപാടികള്‍ക്കുശേഷം പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ തങ്ങും. ഞായറാഴ്ച കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി നിയോജക മണ്ഡലത്തിലാണ് രാഹുലിനെ പര്യടനം. കാലത്ത് പത്തുമണിക്ക് ഈങ്ങാപ്പുഴയിലും 11.20ന് മുക്കത്തും പൊതു പരിപാടികള്‍ക്കുശേഷം ഉച്ചയ്ക്ക് ഒരു മണിക്ക് കരിപ്പൂര്‍ വഴി ഡല്‍ഹിയിലേക്ക് തിരിച്ചുപോവും.