ന്യൂ ഡല്‍ഹി: ഹാദിയയ്ക്ക് ഇപ്പോള്‍ സുപ്രീം കോടതിയില്‍ നിന്ന് ലഭിച്ചിരിക്കുന്നത് ശക്തമായ ഇരുമ്പ് കവചമാണെന്നും അത് ആര്‍ക്കും തകര്‍ക്കാന്‍ സാധിക്കില്ലെന്നും പിതാവ് അശോകന്‍. കോടതിവിധി തന്റെ വിജയമാണെന്ന് അശോകന്‍ പറഞ്ഞു. മകളുടെ പഠനം തുടരാന്‍ സാധിക്കുന്നതില്‍ ഏറെ സന്തോഷമുണ്ട്. ഹാദിയയുടെ സുരക്ഷയെക്കുറിച്ച് ഇപ്പോള്‍ ആശങ്കയില്ല. ഷെഫിന്‍ ജഹാന്‍ രക്ഷകര്‍ത്താവാകണമെന്ന ആവശ്യം കോടതി നിരാകരിച്ചല്ലോയെന്നും അശോകന്‍ പറഞ്ഞു.

വഴിയേ പോകുന്നവര്‍ക്ക് തന്റെ മകളെ കാണാന്‍ കഴിയില്ല. സേലത്തെ മെഡിക്കല്‍ കോളേജില്‍ മകളെ കാണാന്‍ സാധിക്കുക അവള്‍ക്ക് വേണ്ടപ്പെട്ടവര്‍ക്ക് മാത്രമാണെന്നും അശോകന്‍ കൂട്ടിച്ചേര്‍ത്തു. ഷെഫിന്റെ ജഹാന്റെ വാദം കോടതി അംഗീകരിച്ചിരുന്നെങ്കില്‍ ഷെഫിനെ രക്ഷകര്‍ത്താവായി കോടതി അംഗീകരിക്കാത്തതെന്താണെന്നും അശോകന്‍ ചോദിച്ചു.