തിരുവനന്തപുരം: വാക്കുകളിലൂടെ പരസ്പരം പോര്‍വിളിച്ചും ഭീഷണി മുഴക്കിയും സി.പി.എമ്മും ബി.ജെ.പിയും നേര്‍ക്കുനേര്‍ വന്നതോടെ കേരളത്തിലെ ജനങ്ങള്‍ ഭയാശങ്കയില്‍. ജനരക്ഷായാത്ര യാത്രയ്ക്കിടെ ബി.ജെ.പി ഇടതുസര്‍ക്കാരിനെതിരെ നടത്തിയ വിമര്‍ശനങ്ങളും അതിന് മറുപടിയായി സി.പി.എം ഉയര്‍ത്തിയ ഭീഷണികളും കേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് ജനങ്ങള്‍. ഏതുനേരവും ഇരുപാര്‍ട്ടികളും പരസ്പരം ഏറ്റുമുട്ടി കേരളത്തെ കലാപഭൂമിയാക്കുമോയെന്നാണ് ജനങ്ങളുടെ പേടി. 
ജനരക്ഷാ യാത്രയുടെ സമാപന വേദിയിലും ബി.ജെ.പി നേതാക്കള്‍ സി.പി.എമ്മിനെയും ഇടതുസര്‍ക്കാരിനെയും വെല്ലുവിളിച്ചു. അക്രമം അവസാനിപ്പിച്ച് വികസനം പറയാന്‍ ധൈര്യമുണ്ടോയെന്നായിരുന്നു ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ചത്. മുഖ്യമന്ത്രിയുടെ നാട്ടില്‍ നടന്ന അക്രമത്തില്‍ 13 പേരാണ് കൊല്ലപ്പെട്ടതെന്നും ഇതിന്റെ ധാര്‍മിക ഉത്തരവാദിത്വം പിണറായി ഏറ്റെടുക്കുമോയെന്നും അമിത്ഷാ ചോദിച്ചു. കേരളത്തില്‍ ഏപ്പോഴൊക്കെ കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തുന്നുവോ അപ്പോഴൊക്കെ അക്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്.
കേരളത്തില്‍ മാത്രമല്ല സി.പി.എമ്മിന്റെ സാന്നിധ്യമുള്ള ബംഗാള്‍, തൃപുര എന്നിവിടങ്ങളിലും ഇതുതന്നെയാണ് നടക്കുന്നത്. എവിടെയൊക്കെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ അധികാരത്തില്‍ നിന്ന് പുറത്തുപോയിട്ടുണ്ടോ അതിന്റെ കാരണം അഴിമതിയും കുടുംബ വാഴ്ചയുമായിരുന്നു. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിക്കാന്‍ പോകുന്നത് അഴിമതിയും അക്രമവും മൂലമാകുമെന്നും അമിത്ഷാ പറഞ്ഞു. 
സി.പി.എമ്മിന്റെ ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തരുതെന്നാണ് യെച്ചൂരി പറയുന്നത്. ബി.ജെ.പിയുടെ ഓഫീസുകള്‍ ബോംബ് വെച്ചു തകര്‍ത്തവരാണെന്ന് സി.പി.എമ്മെന്ന് മറക്കരുത്. സംസ്ഥാനത്തിന്റെ വികസന മുരടിപ്പ് ചര്‍ച്ച ചെയ്യാതിരിക്കാനാണ് പിണറായി വിജയന്‍ ജനരക്ഷായാത്രയ്‌ക്കെതിരെ സംസാരിക്കുന്നത്. വികസനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തയാറാണെങ്കില്‍ ബി.ജെ.പി റെഡിയാണ്. പക്ഷെ ബി.ജെ.പി പ്രവര്‍ത്തകരെ കൊലചെയ്യുന്നതിന്റെ കാരണം പറയാന്‍ പിണറായി തയാറാകണമെന്നും അമിത്ഷാ പറഞ്ഞു. 
ഇതിനിടെ, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ രംഗത്തുവന്നു. കേരളം ഹിന്ദുക്കള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സംസ്ഥാനമായി മാറിയെന്നാണ് ബി.ജെ.പിയും സംഘപരിവാറുകാരും പ്രചരിപ്പിക്കുന്നതെന്ന് പറഞ്ഞ കോടിയേരി, ആര്‍ക്കാണ് കേരളത്തില്‍ ജീവിക്കാന്‍ കഴിയാത്തതെന്ന് ബി.ജെ.പി വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷനല്ലേ കുമ്മനം രാജശേഖരന്‍. അദ്ദേഹം കേരളത്തില്‍ തന്നെയല്ലേ ജീവിക്കുന്നത്. എത്രയോ കാലമായി അവരുടെ ഏക എം.എല്‍.എയായ നേതാവ് ഒ. രാജഗോപാല്‍ ഇവിടെയല്ലേ ജിവിക്കുന്നത്. നവതി പിന്നിട്ട പി. പരമേശ്വരന്‍ കേരളത്തില്‍ തന്നെയല്ലെ ജീവിക്കുന്നത്. പിന്നെ ആര്‍ക്കാണ് ജീവിക്കാന്‍ പറ്റാത്തതെന്ന് അവര്‍ തന്നെ പറയണം. വെറുതെ കള്ളപ്രചരണം കൊണ്ട് കേരളത്തില്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിക്കേണ്ട. ഒരു പ്രത്യേക മതത്തിന് മാത്രം ജീവിക്കാന്‍ കേരളത്തെ തയ്യാറാക്കുക എന്നതാണ് അവരുടെ ലക്ഷ്യം. അതിനായി കലാപമുണ്ടാക്കുകയാണ്. ആ മോഹം നടക്കില്ലെന്നും കോടിയേരി പറഞ്ഞു.
അതേസമയം ബി.ജെ.പി-സി.പി.എം നേതാക്കള്‍ പരസ്പരം നടത്തുന്ന പോര്‍വിളികള്‍ കേരളത്തെ കൊലക്കളമാക്കി മാറ്റുമോയെന്ന  ആശങ്കയിലാണ് മലയാളികള്‍.