തിരുവനന്തപുരം: മീസില്‍സ്, റൂബെല്ല വാക്‌സിന്‍ വിരുദ്ധ പ്രചാരണം നടക്കുന്നവര്‍ക്കെതിരെ ആരോഗ്യമന്ത്രി. മലപ്പുറത്ത് വാക്‌സിന്‍ ക്യാമ്പ് അംഗങ്ങള്‍ ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്നാണ് ആക്രമികള്‍ക്കെതിരെ കര്‍ശന നടപിയെുക്കുമെന്ന് അറിയിപ്പോടെ മന്ത്രി കെ. കെ. ശൈലജ ഫെയ്‌സ്ബുക്കിലെത്തിയത്.

ആരോഗ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

മലപ്പുറത്തെ എടയൂര്‍ അത്തിപ്പറ്റ ഗവഃ എല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മീസില്‍സ്, റൂബെല്ല പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നതിനിടെ ക്യാമ്പ് അംഗങ്ങളെ സാമൂഹ്യവിരുദ്ധര്‍ അക്രമിച്ച സംഭവത്തില്‍ കര്‍ശനമായ നടപടി കൈക്കൊള്ളാന്‍ ഡി.ജി.പി.യോട് ആവശ്യപ്പെട്ടിരുന്നു. ഡി.ജി.പി.യുടെ അടിയന്തിര ഇടപെടല്‍ മൂലം മണിക്കൂറുകള്‍ക്കുള്ളില്‍ 2 പേരെ അറസ്റ്റ് ചെയ്ത് കഴിഞ്ഞു. സംഘത്തിലെ മറ്റുള്ളവരെ താമസംവിന അറസ്റ്റ് ചെയ്യും.

 

സംസ്ഥാനത്ത് പലപ്പോഴും വാക്‌സിന്‍ വിരുദ്ധര്‍ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വഴങ്ങി ജനങ്ങളെ ഭീതിയിലാഴ്തുന്ന സമീപനങ്ങള്‍ ഇതിന് മുന്‍പും ഉണ്ടായിട്ടുണ്ട്. പ്രബുദ്ധരായ സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകരുടെ സമചിത്തതയോടുകൂടിയുള്ള പരിശ്രമങ്ങളാണ് ഇത്തരം കര്‍മ്മ പരിപാടികള്‍ വിജയത്തിലെത്തിക്കുവാന്‍ നമുക്കായത്. അതുകൊണ്ടുതന്നെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ഇത്തരം കടന്നാക്രമണങ്ങള്‍ കണ്ടില്ലെന്നുനടിക്കുവാന്‍ ഒരിക്കലും കഴിയില്ല. തീര്‍ത്തും കര്‍ശന നടപടി തന്നെ ഇക്കാര്യത്തില്‍ കൈക്കൊള്ളും.

 

പലപ്പോഴും വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ പലതരത്തിലും തടസ്സപ്പെടുത്തുവാന്‍ ഒരുകൂട്ടര്‍ ആസൂത്രിതമായി മുന്നോട്ട് വന്നിട്ടുണ്ട്. അവര്‍ പലപ്പോഴും ഇതിനെതിരെ വ്യാജപ്രചാരണങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെയും കവല പ്രസംഗങ്ങളിലൂടെയും പടച്ചുവിട്ടിട്ടുണ്ട്. എന്നാല്‍ കര്‍മ്മനിരതരായ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അതിനെയെല്ലാം അതിജിവിച്ചതിന്റെ പരിണിതഫലമായാണ് പല മഹാരോഗങ്ങളേയും കേരളത്തില്‍ നിന്ന് തുരത്താന്‍ നമുക്കായതെന്ന് ഓര്‍ക്കണം. ഇപ്പോള്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന എം.ആര്‍ വാക്‌സിനേഷന്‍ ക്യാമ്പെയിന്‍ 90 ശതമാനം വിജയിപ്പിക്കുവാന്‍ കഴിഞ്ഞത് ഈ ഉദ്യോഗസ്ഥരുടെ ഒന്നായുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമാണ്. ആ പ്രതിബദ്ധതയെ അല്ലെങ്കില്‍ ലക്ഷ്യബോധത്തോടെയുള്ള ആ ഐക്യത്തെ തകര്‍ക്കുവാനുള്ള ഏതൊരു ശ്രമത്തിനേയും പരാജയപ്പെടുത്തുക തന്നെ ചെയ്യും. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുവാന്‍ ഇതുകൊണ്ടൊന്നും ഇക്കൂട്ടര്‍ക്ക് കഴിയില്ല. ആസൂത്രിതമായ ഇത്തരം നീക്കങ്ങള്‍ക്കെതിരെ യാതൊരു വിട്ടുവീഴ്ച്ചയുമില്ലാത്ത നടപടി തന്നെ സ്വീകരിക്കും. ജീവനക്കാരെ വിരട്ടി പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താമെന്ന് ആരും കരുതണ്ട. കര്‍ശനമായിതന്നെ ഇതിനെ നേരിടും.

 

ഇച്ഛാശക്തിയോടെ ആരോഗ്യവകുപ്പ് നേതൃത്വം നല്‍കുന്ന ഈ വാക്‌സിനേഷന്‍ ക്യാമ്പെയിന്‍ 100 ശതമാനം വിജയത്തിലെത്തുമെന്ന് ഉറപ്പുണ്ട്. അതിന് അഹോരാത്രം സര്‍ക്കാരിനൊപ്പം സേവനം അനുഷ്ഠിക്കുന്ന ജീവനക്കാര്‍ക്ക് പൂര്‍ണ്ണസംരക്ഷണം ഉറപ്പുതരുന്നു. എല്ലാ എതിര്‍പ്പുകളെയും തൃണവത്ക്കരിച്ചുകൊണ്ട് വാക്‌സിന്‍ വിരുദ്ധരുടെ ജല്‍പ്പനങ്ങള്‍ക്ക് വഴങ്ങാതെ അവരുടെ കുത്സിത പ്രവര്‍ത്തനങ്ങളെ പരാജയപ്പെടുത്തികൊണ്ട് വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് എല്ലാ പിന്തുണയും അറിയിക്കുന്നു.