പത്തനംതിട്ട:എരുമേലി വാവരു പള്ളിയില്‍ പ്രവേശിക്കാന്‍ സ്ത്രീകള്‍ക്ക് വിലക്കില്ലെന്ന് മഹല്ല് കമ്മിറ്റി.മസ്ജിദില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ സന്ദര്‍ശനം നടത്താം.എന്നാല്‍ ജമാഅത്തിനെ മുന്‍കൂട്ടി അറിയിച്ച ശേഷമാകണം പ്രവേശനം. മസ്ജിദിലെ പ്രാര്‍ത്ഥനകള്‍ക്ക് തടസ്സമുണ്ടാക്കാത്ത തരത്തില്‍ ശരീരശുദ്ധിയോടെ സന്ദര്‍ശനം നടത്തണമെന്നും വാവര് പള്ളി അധികൃതര്‍ പറയുന്നു.
വാവര് പള്ളിയുമായി ബന്ധപ്പെട്ട് തെറ്റഠദ്ധാരണാജനകമായ വാര്‍ത്തകള്‍ പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് അധികൃതരുടെ വിശദീകരണം.വാവര് പള്ളിയില്‍ നിന്ന് രണ്ട് സ്ത്രീകളെ അറസ്റ്റ് ചെയ്തെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ജമാഅത്ത് അറിയിച്ചു.നാട്ടില്‍ നിലനില്‍ക്കുന്ന മതമൈത്രി തകര്‍ത്ത് ലഹള സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമുള്ള ശ്രമമാണ് നടക്കുന്നതെന്നും ജമാ അത്ത് ആരോപിച്ചു.
ശബരിമലയിലെ യുവതീപ്രവേശന വിധിയ്ക്ക് മുന്‍പോ ശേഷമോ വാവര്‍ പള്ളിയില്‍ ഒരു തരത്തിലുള്ള നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ല.വിധി വരുന്നതിനും മുന്‍പേ തന്നെ വാവര് പള്ളിയില്‍ സ്ത്രീകള്‍ എത്താറുണ്ടായിരുന്നു. പള്ളിയ്ക്കുള്ളില്‍ കയറി വലം വച്ച ശേഷമാണ് തീര്‍ത്ഥാടകര്‍ പമ്പയ്ക്ക് പോയിരുന്നത്.വാവര്‍ പള്ളിയിലെത്തുന്ന എല്ലാ വിശ്വാസികള്‍ക്കും അവരുടെ വിശ്വാസത്തിനനുസരിച്ചള്ള ആചാരനുഷ്ഠാനങ്ങള്‍ തുടരാമെന്ന് മഹല്ല് പ്രസി. അഡ്വ.പി എച്ച് ഷാജഹാന്‍ പറഞ്ഞു.
ഇന്നലെ വാവരുപള്ളിയില്‍ പ്രവേശിക്കാന്‍ തമിഴ്‌നാട്ടില്‍ നിന്നും എത്തിയ യുവതികളെ പോലീസ് കസ്‌ററ്ഡിയിലെടുത്തെന്ന വാര്‍ത്തയുണ്ടായിരുന്നു.ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതിനു ബദലായാണ് വാവരുപള്ളിയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതെന്നാണ് തമിഴ്‌നാട്ടിലെ തീവ്ര ഹിന്ദു സംഘടനയുടെ പ്രവര്‍ത്തകര്‍ അറിയിച്ചത്.