തിരുവനന്തപുരം:വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ വയലിനിസ്റ്റ് ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ തിനാലാണ് വിദഗ്ധ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര പരിക്കേറ്റ ഭാര്യ ലക്ഷ്മിയ്ക്കും ശസ്ത്രക്രിയ നടത്തി.ലക്ഷ്മിയുടെ നില മെച്ചപ്പെട്ടു വരുന്നു.
ഇന്ന് രാവിലെയുണ്ടായ അപകടത്തില്‍ ഇവരുടെ ഏക മകള്‍ തേജസ്വി ബാല (2) മരിച്ചു.കല്ല്യാണം കഴിഞ്ഞ് 15 വര്‍ഷത്തിനുശേഷമാണ് ബാലഭാസ്‌കര്‍-ലക്ഷ്മി ദമ്പതികള്‍ക്ക് മകള്‍ ജനിച്ചത്.മകളുടെ പേരില്‍ തൃശ്ശൂരില്‍ ക്ഷേത്രത്തില്‍ വഴിപാട് നടത്തിയിട്ട് വരും വഴിയാണ് അപകടം നടന്നത്.
തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ച് പുലര്‍ച്ചെ 4.30നാണ് അപകടമുണ്ടായത്.മരത്തിലിടിച്ച കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു.ബാലഭാസ്‌കറും മകളും മുന്‍സീറ്റിലാണിരുന്നത്.ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകട കാരണമെന്നാണ് കരുതുന്നത്.ഡ്രൈവര്‍ അര്‍ജുനും സാരമായ പരുക്കേറ്റിട്ടുണ്ട്.