നവംബര്‍ ഒന്നു മുതല്‍ വാഹനം വാങ്ങുന്നവര്‍ക്ക് വാഹന ഡീലര്‍മാരില്‍ നിന്ന് ഇഷ്ടാനുസരണം വിവിധ ഇന്‍ഷുറന്‍സ് കമ്പനികളുടെ വാഹന പോളിസികള്‍ താരതമ്യം ചെയ്തു വാങ്ങാന്‍ സൗകര്യമുണ്ടാകും. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ഐ.ആര്‍.ഡി.എ.) ഈ സമ്പ്രദായത്തിന് അനുമതി നല്‍കി. ഇതുവഴി പ്രീമിയം തുക ലാഭിക്കാനും മികച്ച പോളിസികള്‍ തിരഞ്ഞെടുക്കാനും വാഹന ഉടമയ്ക്ക് അവസരം കൈവരികയാണ്.
മോട്ടോര്‍ ഇന്‍ഷുറന്‍സ് സര്‍വീസ് പ്രൊവൈഡര്‍ (എം.ഐ.എസ്.പി.) എന്ന പേരിലാണ് ഡീലര്‍മാര്‍ക്ക് ഐ.ആര്‍.ഡി.എ. ലൈസന്‍സ് നല്‍കുക. ഇതു നല്‍കുന്നതിനായി ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും ഇന്‍ഷുറന്‍സ് ബ്രോക്കിങ് കമ്പനികള്‍ക്കും അധികാരം നല്‍കിയിട്ടുണ്ട്. ഓരോ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും പ്രൊവൈഡര്‍ ലൈസന്‍സ് എടുക്കുമ്പോള്‍ ആ കമ്പനിയുടെ പോളിസി മാത്രമേ വിപണനം ചെയ്യാന്‍ പാടുള്ളൂ. ഒന്നില്‍ കൂടുതല്‍ കമ്പനികളുടെ പോളിസി നല്‍കാന്‍ അത്രയും ലൈസന്‍സ് എടുക്കേണ്ടതുണ്ട്. എന്നാല്‍, ഇന്‍ഷുറന്‍സ് ബ്രോക്കിങ് കമ്പനി വഴി ലൈസന്‍സ് എടുത്താല്‍ ഇന്ത്യയിലെ ഏത് ഇന്‍ഷുറന്‍സ് കമ്പനിയുടെ പോളിസി വേണമെങ്കിലും നല്‍കാനാകും. ഇതിന് ഒരു ഡീലര്‍ക്ക് ഒരാളുടെ പേരില്‍ (ഡെസിഗ്‌നേറ്റഡ് പേഴ്‌സണ്‍) ലൈസന്‍സ് എടുത്താല്‍ മതിയാകും.