തിരുവനന്തപുരം: ലേക്ക് പാലസ് റിസോര്‍ട്ടിലേക്കുള്ള റോഡുനിര്‍മ്മാണത്തിലെ അപാകത ചൂണ്ടിക്കാട്ടി മന്ത്രി തോമസ് ചാണ്ടിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോട്ടയം വിജിലന്‍സ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടതോടെ മന്ത്രിയും സി.പി.എമ്മും തീര്‍ത്തും പ്രതിരോധത്തിലായി.

തോമസ് ചാണ്ടിക്ക് അനുകൂലമായ സര്‍ക്കാരിന്റെ എല്ലാ വാദങ്ങളെയും തള്ളിക്കൊണ്ടാണ് കോട്ടയം വിജിലന്‍സ് കോടതി ത്വരിത പരിശോധനയ്ക്ക് ഉത്തരവിട്ടത്. വിജിലന്‍സ് അന്വേഷണം വന്നതോടെ മന്ത്രി തോമസ് ചാണ്ടിയുടെ നില കൂടുതല്‍ പരുങ്ങലിലായി. കോടതി ഉത്തരവോടെ മന്ത്രി ഇനി അധികാരത്തില്‍ തുടരരുതെന്നാണ് സി.പി.ഐയുടെ നിലപാട്. അദ്ദേഹം രാജിവയ്ക്കണമെന്നാണ് സി.പി.ഐയുടെ ആവശ്യം. ഇടതുമുന്നണിയിലെ ബഹുഭൂരിപക്ഷം ഘടകകക്ഷികളും ഇക്കാര്യത്തില്‍ സി.പി.ഐയോട് യോജിക്കുന്നു.

കേവലമൊരു ത്വരിതപരിശോധനാ ഉത്തരവ് മാത്രമല്ലെന്നും സാഹചര്യം അതീവ ഗുരുതരമാണെന്നും ഇടത് നേതാക്കള്‍ വിലയിരുത്തുന്നു. മന്ത്രി അധികാരത്തില്‍ കടിച്ച് തൂങ്ങുന്നത് മുന്നണിയുടെ പ്രതിച്ഛായയെ ബാധിച്ചുവെന്നാണ് ഇടതുമുന്നണി നേതാക്കളുടെ അഭിപ്രായം.

തോമസ് ചാണ്ടി വിഷയം സര്‍ക്കാരിന്റെയും മുന്നണിയുടെയും പ്രതിച്ഛായയെ ഗൗരവമായി ബാധിച്ചതായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പരസ്യനിലപാടെടുത്തു.
സി.പി.ഐ ദേശീയ നേതൃത്വവും മന്ത്രി പുറത്ത് പോകണമെന്ന് അഭിപ്രായത്തിലാണ്. എന്‍.സി.പി ദേശീയ നേതൃത്വം തോമസ് ചാണ്ടിയെ പിന്തുണച്ചതോടെ സി.പി.എം നേതൃത്വം കടുത്ത സമ്മര്‍ദ്ദത്തിലാണ്. നാളെ ചേരുന്ന സി.പി.എം സെക്രട്ടറിയറ്റ് യോഗം വിഷയം ചര്‍ച്ച ചെയ്‌തേക്കും. അതേസമയം കോടതി ഉത്തരവിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചില്ല.

ഇത്രയേറെ ആരോപണം വന്നിട്ടും തോമസ് ചാണ്ടിയെ പിന്തുണയ്ക്കുന്ന നിലപാടാണ് മൃഖ്യമന്ത്രിയുടേത്. ഇനിയും നിയമലംഘനം നടത്തുമെന്ന് തോമസ് ചാണ്ടി പരസ്യമായി പ്രഖ്യാപിച്ചിട്ടും മുഖ്യമന്ത്രി നിലപാട് മാറ്റിയിട്ടില്ല. സി.പി.എമ്മിലും ഘടകകക്ഷികളിലും തോമസ് ചാണ്ടിക്കെതിരെ ശക്തമായ വികാരമുണ്ടെങ്കിലും പരസ്യ നിലപാടെടുക്കുന്നതില്‍ ഇതുവരെ നേതാക്കള്‍ തയ്യാറായിട്ടില്ല.

മുഖ്യമന്ത്രിയുടെ പിന്തുണയാണ് പരസ്യമായ നിലപാടെടുക്കുന്നതില്‍ ഇവര്‍ക്ക് തടസമാകുന്നത്. വിജിലന്‍സ് കോടതി ത്വരിത അന്വേഷണത്തിന് ഉത്തരവായതോടെ സി.പി.എമ്മിന് ഇപ്പോഴത്തെ നിലപാട് തിരുത്തേണ്ടിവരുമെന്നാണ് ഘടകകക്ഷികളുടെ വിലയിരുത്തല്‍.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാരായ കെ.എം.മാണിക്കും കെ.ബാബുവിനുമെതിരായ ത്വരിതപരിശോധനാ ഉത്തരവ് വന്നപ്പോള്‍ പിണറായിയും കോടിയേരിയും നടത്തിയ പ്രതികരണങ്ങള്‍ മന്ത്രിമാര്‍ രാജിവയ്ക്കുകയോ, മുഖ്യമന്ത്രി അവരെ പുറത്താക്കുകയോ വേണമെന്നായിരുന്നു.

എന്നാല്‍ സമാനമായ സാഹചര്യത്തില്‍ തോമസ് ചാണ്ടിയെ സംരക്ഷിക്കുന്ന സമീപനമാണ് ഇരുവരും കൈക്കൊള്ളുന്നത്. നിലവിലെ സാഹചര്യത്തില്‍ മന്ത്രിയെ സംരക്ഷിക്കുന്ന നിലപാട് മുഖ്യമന്ത്രി തിരുത്തണമെന്ന് ഘടകകക്ഷികള്‍ ആവശ്യപ്പെടുന്നു.