തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റത്തേയും  മറ്റ് നിയമ ലംഘനങ്ങളേയും കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് എന്ന നിലയ്ക്ക് താന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ കത്ത്  38 ദിവസം ഒരു നടപടിയും സ്വീകരിക്കാതെ കൈയ്യില്‍ വച്ച ശേഷം ഇപ്പോഴെടുത്ത് നിയമോപദേശത്തിന് വിട്ടത് വിചിത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 
കഴിഞ്ഞ മാസം 19 നാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് താന്‍ പരാതി നല്‍കിയത്. വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി കിട്ടിയാല്‍ അതിന്മേല്‍ അന്വേഷണം നടത്തുകയാണ് വേണ്ടത്. അല്ലാതെ അതിന്മേല്‍ നിയമോപദേശം തേടുന്നത് നിയമപ്രകാരമല്ല. ഇത് വിജിലന്‍സിന്റെ വിശ്വാസ്യത നശിപ്പിച്ചിരിക്കുകയാണ്.  സ്വതന്ത്ര ഏജന്‍സിസായി പ്രവര്‍ത്തിക്കേണ്ട വിജിലന്‍സിനെ ഒരു ഡയറക്ടറെപ്പോലും വയ്ക്കാതെ സര്‍ക്കാര്‍ പാവയാക്കി മാറ്റിയിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.