ഒമാന്‍: വിദേശത്തുനിന്ന് സമ്മാനമായി അയക്കുന്ന 5,000 രൂപ വരെയുള്ള സാധനങ്ങളെ നികുതിയില്‍നിന്ന് ഒഴിവാക്കുമെന്ന് കേന്ദ്രം. ജി.എസ്.ടി കുരുക്കില്‍ നട്ടംതിരിയുകയായിരുന്ന ഗള്‍ഫ് കാര്‍ഗോ മേഖലക്ക് ഭാഗിക ആശ്വാസവുമായി കേന്ദ്ര സര്‍ക്കാര്‍.
ജൂണ്‍ വരെ കിലോക്ക് 1.300 റിയാല്‍ ആയിരുന്നു കേരളത്തിലേക്കുള്ള കാര്‍ഗോനിരക്ക്. ‘ജി.എസ്.ടി’ കുരുക്കിന് ശേഷം ഇത് 1.600 റിയാലായി ഉയര്‍ന്നു. ഇതോടെ വഴി സാധനങ്ങള്‍ അയയ്ക്കുന്നവരുടെ എണ്ണം കുറയുകയും കാര്‍ഗോ മേഖലയില്‍ സ്ഥിതി ചെയ്യുന്നവര്‍ തോഴില്‍ നഷ്ടപ്പെടുമോ എന്ന ആശങ്കയിലുമായിരുന്നു.
പുതിയ തീരുമാനം ഉടനടി പ്രാബല്യത്തില്‍ വരുമെന്നാണ് അറിയിപ്പില്‍ ഉള്ളത്. സാധനങ്ങളുടെ വിലയും ചരക്കുകൂലിയും ചേര്‍ത്താണ് 5000 രൂപ പരിധി നിശ്ചയിച്ചത്. നേരത്തേ 20,000 രൂപയുടെ സാധനങ്ങള്‍ നാട്ടിലേക്ക് നികുതിയൊന്നുമില്ലാതെ അയക്കാമായിരുന്നു. കഴിഞ്ഞ ജൂണിലാണ് ഈ സൗകര്യം റദ്ദാക്കിയത്.
ഒരു മുന്നറിയിപ്പും നല്‍കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ തീരുമാനം നടപ്പാക്കിയതെന്ന് ആരോപണമുയര്‍ന്നിരുന്നു. നാട്ടിലേക്കയച്ച ടണ്‍കണക്കിന് കാര്‍ഗോ ഉരുപ്പടികളാണ് വിവിധ വിമാനത്താവളങ്ങളില്‍ കെട്ടിക്കിടന്നത്. തുടര്‍ന്ന് പാര്‍സല്‍ ഏജന്‍സികള്‍ പണം സ്വരൂപിച്ച് നികുതി അടച്ചാണ് സാധനങ്ങള്‍ ക്ലിയര്‍ ചെയ്തത്.
ഇപ്പോള്‍ സാധനങ്ങള്‍ ഡെലിവറി ചെയ്യുമ്പോള്‍ അധിക തുക നല്‍കാമെന്ന് ഉപഭോക്താക്കളില്‍നിന്ന് ഉറപ്പുവാങ്ങിയ ശേഷമാണ് ക്ലിയറന്‍സ് നടത്തുന്നത്. ഇന്ത്യയിലും ഗള്‍ഫ് മേഖലയിലുമായി ധാരാളംപേര്‍ ഈ രംഗത്ത് ജോലി ചെയ്യുന്നുണ്ട്. ഇതില്‍ 90 ശതമാനവും മലയാളികളാണ്.