തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ കൈത്തറി സ്‌കൂള്‍ യൂണിഫോം പദ്ധതിക്കാവിശ്യമായ തുണികള്‍ നെയ്‌തെടുക്കുന്നതിനു  കേരളത്തിലെ കൈത്തറി സഹകരണ സംഘങ്ങളില്‍ പ്രവര്‍ത്തിക്കാതെ കിടക്കുന്ന തറികളില്‍  ആറായിരത്തോളം തറികള്‍  ഈ വര്‍ഷം  തന്നെ അറ്റകുറ്റപ്പണി നടത്തുമെന്ന് മന്ത്രി എ.സി മൊയ്തീന്‍ അറിയിച്ചു. കൈത്തറി ഉപദേശക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ആറായിരം തൊഴിലാളികളെ  ഈ രംഗത്തേക്ക് പുതുതായി കൊണ്ടുവരുവാനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. കേരളാ ആര്‍ട്ടിസാന്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ വഴി ആറായിരത്തോളം തറികള്‍  റിപ്പയര്‍ ചെയ്‌തെടുക്കുന്നതിന് 6 കോടി രൂപ നല്‍കും. അതുവഴി കഡ്‌കോയിലെ തൊഴിലാളികള്‍ക്കും ജോലി ഉറപ്പാക്കുവാന്‍ കഴിയും. 
യൂണിഫോം പദ്ധതിക്കാവിശ്യമായ തുണികള്‍ കേരളത്തിലെ കുടുംബശ്രീകളില്‍ കൂടിയും ഉല്പാദിപ്പിക്കാന്‍ ഇന്നലെ ചേര്‍ന്ന കൈത്തറി ഉപദേശകസമിതി തീരുമാനിച്ചു. ഒന്നാംഘട്ടം എന്ന നിലയില്‍ 20 അംഗങ്ങളുള്ള 25 ഗ്രൂപ്പുകള്‍ രൂപീകരിച്ചു അവര്‍ക്കാവിശ്യമായ പരിശീലനം സ്‌റ്റൈപ്പന്റോടുകൂടി  നല്‍കി മൂന്ന് മാസത്തിനകം ഉത്പാദനം ആരംഭിക്കാന്‍ ഇതുവഴി കഴിയും. സര്‍ക്കാര്‍ വക നൂലും കൂലിയും നല്‍കുന്ന ഈ പദ്ധതിയില്‍ നെയ്തു തൊഴിലാളികള്‍ക്കു യഥാഅവസരം തന്നെ നൂലും കൂലിയും ലഭ്യമാക്കുന്നതിനും ഉത്പാദിപ്പിച്ച യൂണിഫോം തുണികള്‍ തറികളില്‍ തന്നെ വെരിഫിക്കേഷന്‍ നടത്തുന്നതിനും ടെക്‌സ്‌റ്റൈല്‍ ക്വാളിഫിക്കേഷനുള്ള   കൂടുതല്‍ ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍സ്പെക്ടര്‍മാരെ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ നിയമിക്കുവാനും തീരുമാനമുണ്ട്.  ഓരോ തൊഴിലാളിയുടെയും ഉല്പാദനത്തിന്റെ തോതനുസരിച്ചു പരമാവധി തൊഴില്‍ ദിനങ്ങളും മെച്ചപ്പെട്ട വേതനവും ഉറപ്പാക്കും.  പദ്ധതിയുടെ വിജയത്തിന്നനുസരിച്ചു എല്ലാ ജില്ലകളിലും വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
 
മില്ലുകള്‍ക്ക് പ്രവര്‍ത്തന മൂലധനം ലഭ്യമാക്കും
 
കേരളത്തിലെ സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്പിന്നിങ് മില്ലുകള്‍ക്കു മില്ലുകളുടെ പ്രവര്‍ത്തന പുരോഗതിയുടെ അടിസ്ഥാനത്തില്‍ ആവിശ്യമായ പ്രവര്‍ത്തന മൂലധനം ലഭ്യമാക്കുവാന്‍ ഇന്നലെ ചേര്‍ന്ന സ്പിന്നിങ് മില്ലുകളുടെ എം ഡിമാരുടെയും എന്‍.സി.ഡി.സി റീജിയണല്‍ ഡയറക്ടറുടെയും സംയുക്ത യോഗത്തില്‍ മന്ത്രി എ.സി മൊയ്തീന്‍ നിര്‍ദ്ദേശിച്ചു. പ്രധാനമായും കോട്ടണ്‍ മാര്‍ക്കറ്റിലുള്ള വ്യതിയാനം, നൂലിന്റെ മാര്‍ക്കറ്റ് ഇടിവ്, ആധുനികവത്കരണത്തിന്റെ കുറവ്, തൊഴിലാളികളുടെ അമിതമായ ആബ്‌സെന്റ്, മൂന്ന് ഷിഫ്റ്റുകളും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്തത്, ആവശ്യത്തിന് മൂലധനമില്ലായ്മ തുടങ്ങിയവ മില്ലുകളുടെ  പ്രതിസന്ധികള്‍ക്കിടയാക്കി. കേരളത്തിലെ മില്ലുകളില്‍ നിന്നും ഉല്പാദിപ്പിക്കുന്ന നൂലുകള്‍ കേരളത്തിലെ തന്നെ കൈത്തറി-പവര്‍ ലൂം മേഖലകളില്‍ പരമാവധി ഉപയോഗപ്പെടുത്തുവാനും സീസണ്‍ അനുസരിച്ചു കോട്ടണ്‍ വാങ്ങി സംഭരിക്കുന്നതിനും മില്ലുകളുടെ പൂര്‍ണമായ കപ്പാസിറ്റി വിനിയോഗിച്ചു  ഉല്പാദന വര്‍ദ്ധനവിന് ആവിശ്യമായ കോട്ടണ്‍ വാങ്ങി സംഭരിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുവാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു.