മുംബൈ:കര്‍ണ്ണാടകത്തിലെ ഭരണം നിലനിര്‍ത്താനുള്ള അവസാനവട്ട ശ്രമവുമായി മുംബൈയിലെത്തിയ കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിന് വിമത എംഎല്‍എമാര്‍ താമസിക്കുന്ന ഹോട്ടലിലേക്കുപോലും പ്രവേശിക്കാനായില്ല.വിമതര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഹോട്ടലിനു മുന്നില്‍ വെച്ച് തന്നെ ശിവകുമാറിനെ മുംബൈ പോലീസ് തടഞ്ഞു.എംഎല്‍എമാര്‍ താമസിക്കുന്ന് പഞ്ചനക്ഷത്ര ഹോട്ടലായ റിനൈസന്സില് ശിവകുമാര്‍ മുറി ബുക്ക് ചെയ്തിരുന്നെങ്കിലും ഉള്ളിലേക്കു പ്രവേശിക്കാന്‍ പോലീസ് അനുവദിച്ചില്ല.ഹോട്ടലിനു പുറത്ത് ജെഡിഎസ് എംഎല്‍എമാരുടെ അനുയായികള്‍ ശിവകുമാറിനെതിരെ പ്രതിഷേധിക്കുകയാണ്.
തങ്ങളെ ഡികെ ശിവകുമാറും കുമാരസ്വാമിയും ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും ഇവരില്‍ നിന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് വിമത എംഎല്‍എമാര്‍ നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് മുംബൈ പൊലീസ് ശിവകുമാറിനെ തടഞ്ഞത്.ജനതാദള്‍ നേതാവും എംഎല്‍എയുമായ എ ശിവലിംഗ ഗൗഡയും ശിവകുമാറിനൊപ്പം ഹോട്ടലില്‍ എത്തിയിട്ടുണ്ട്. റിനൈസണ്‍സ് ഹോസ്റ്റലിലെ ഗസ്റ്റ് ഹൗസിലെത്തിച്ച് ശിവകുമാറിന് വിശ്രമിക്കാനും പ്രാതലിനുമുള്ള സൗകര്യമൊരുക്കുമെന്നും പൊലീസ് വ്യക്തമാക്കി.
സുഹൃത്തുകളെ കാണാനെത്തിയതാണെന്നു ശിവകുമാര്‍ പറഞ്ഞു. കുടുംബത്തിനകത്ത് ചില പ്രശ്നങ്ങളുണ്ടാവും അത് പരിഹരിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും ശിവകുമാര്‍ വ്യക്തമാക്കി. എന്നാല്‍ വിമത എംഎല്‍എമാരോട് ഫോണില്‍ സംസാരിക്കാന്‍ പോലും ശിവകുമാറിനു കഴിഞ്ഞിട്ടില്ല.