ഭോപ്പാല്‍: ഡല്‍ഹിയില്‍ നിന്ന് ഇന്‍ഡോറിലേക്ക് 120 പേരുമായി ഉയര്‍ന്ന വിമാനത്തിലെ യാത്രക്കാരിയുടെ മൊബൈല്‍ ഫോണിന് തീപിടിച്ചു. ബാഗില്‍ സൂക്ഷിച്ചിരുന്ന ഫോണിന് തീപിടിച്ചത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഫോണ്‍ വെള്ളത്തില്‍ ഇട്ടത് വലിയ അപകടം ഒഴിവാക്കി.
പുക പടര്‍ന്നതിനെ തുടര്‍ന്ന് 15 മിനിറ്റിനുള്ളില്‍ വിമാനം തിരികെ ഇറക്കി. ജെറ്റ് എയര്‍വേയ്‌സിലയിരുന്നു സംഭവം.
യാത്രക്കാരിയായ അര്‍പിത ദള്ളിന്റെ ബാഗില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍ പെടുകയും ജീവനക്കാരെ വിളിച്ച് പരിശോധിപ്പിക്കുകയുമായിരുന്നു. സാംസങ് ജെ 7 മോഡല്‍ ഫോണാണ് ഇവരുടെ ബാഗില്‍ ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ വിമാനത്തില്‍ അഗ്‌നിശമന സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ലെന്ന് അര്‍പിതയുടെ ഭര്‍ത്താവ് അതുല്‍ പറഞ്ഞു.
സുരക്ഷാ സംവിധാനത്തിലെ വീഴച ചൂണ്ടിക്കാട്ടി പരാതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ഒരു തീപിടുത്തമോ പൊട്ടിത്തെറിയോ ഉണ്ടായാല്‍ ഇവര്‍ എങ്ങനെ അതിനെ മറികടക്കുമെന്നും അദ്ദേഹം ചോദിച്ചു.