ഐസിസി ലോകകപ്പ്-ക്രിക്കറ്റ്-2019-ൽ കഴിഞ്ഞ ദിവസത്തെ ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന മത്സരവിജയം ലോകചാമ്പ്യന്മാർക്കുള്ള ഇന്ത്യയുടെ മധുര പ്രതികാരമായിരുന്നു. ലണ്ടനിലെ കെന്നിങ്ടൻ ഓവൽ ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് മത്സരത്തിനിടെ മറ്റൊരു സുവർണ്ണനിമിഷത്തിനായിരുന്നു ക്രിക്കറ്റ് ലോകം കൈയ്യടിച്ചത്. ഇന്ത്യൻ കാണികൾ ബാറ്റസ്മാൻ സ്റ്റീവ് സ്മിത്തിനെ ചതിയൻ എന്ന് കൂകിവിളിച്ചതും, കോഹ്‌ലി ശാന്തരാകുവാൻ അഭ്യർത്ഥിക്കുന്നതും ഇന്റർനെറ്റ് ലോകം കൈയ്യടിയോടെയാണ് സ്വീകരിച്ചത്.

ഒന്നാം ഇന്നിംഗ്‌സ്-ഇന്ത്യയുടെ ബാറ്റിംഗിൽ കോഹ്‌ലി ക്രീസിൽ നിൽക്കുമ്പോഴാണ് സംഭവം. ബൗണ്ടറി ലൈനിൽ മുൻപ് പന്തുചുരണ്ടൽ വിവാദത്തിൽ പെട്ട സ്റ്റീവ് സ്മിത്ത് ഫീൽഡ് ചെയ്യുമ്പോൾ ഗ്യാലറിയിൽ നിന്നും കാണികളുടെ കൂകിവിളിയും പരിഹാസവും ഉയർന്നു. ഇതു ശ്രദ്ധയിൽപെട്ട കോഹ്‌ലി, ഗ്യാലറിയിലേക്ക് നോക്കി, കൂവുന്നതിന് പകരം നല്ലൊരു കളിക്കാരനെ കൈയ്യടിക്കുകയാണ് വേണ്ടതെന്ന് ആംഗ്യപൂർവം അഭ്യർത്ഥിച്ചു. ഓവർ പൂർണ്ണമായപ്പോൾ സ്റ്റീവ് സ്മിത്ത് ഓടിയടുത്തു വന്ന്, കോഹ്‌ലിക്ക് ഷെയ്ക്ക് ഹാൻഡ് നൽകുകയും നന്ദിസൂചകമായി തോളിൽ തട്ടുകയും ചെയ്തു. പ്രസ്തുത വീഡിയോ ദൃശ്യം, ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ സ്പിരിറ്റ്‌ ഓഫ് ക്രിക്കറ്റ് എന്ന ഹാഷ് ടാഗുമായി ട്വീറ്റ് ചെയ്തത് ക്രിക്കറ്റ് പ്രേമികൾ ട്രെൻഡിങ്ങാക്കുകയും ചെയ്തു.

മഹാനായ ഒരു ക്രിക്കറ്റ് കളിക്കാരനെ കൂവുന്നത് കണ്ടുനിൽക്കാനാവാത്തതു കൊണ്ടാണ് താൻ കാണികളോട് ശാന്തരാകുവാൻ ആവശ്യപ്പെട്ടതെന്ന് ഇന്ത്യൻ നായകൻ, മത്സര ശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇന്ത്യയുടെ മത്സരജയത്തെക്കാളും യൂറോപ്യൻ മണ്ണിൽ ഒരു ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരന്റെ അന്താരാഷ്ട്ര സ്പോർട്സ്മാൻഷിപ്പിന്റെ ഹൃദ്യമായ പ്രകടത്തിനായിരുന്നു കായികലോകം സാക്ഷ്യം വഹിച്ചത്.

അനീഷ് അലോഷ്യസ്