ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം വില്ലന്‍ തീയറ്ററുകളില്‍ നിറഞ്ഞ് പ്രദര്‍ശിപ്പിക്കുകയാണ്. സിനിമയെ സന്തോഷപൂര്‍വ്വം സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് നടനവിസ്മയം മോഹന്‍ലാല്‍. ഒരു അഭിനേതാവെന്ന നിലയില്‍ തനിക്ക് ഏറ്റവും സംതൃപ്തി നല്‍കിയ കഥാപാത്രമാണ് മാത്യു മാഞ്ഞൂരാനെന്നും, കുടുംബപ്രേക്ഷകര്‍ക്ക് ഈ സിനിമ വളരെയധികം ഇഷ്ടപ്പെടുമെന്നും ലാല്‍ പറയുന്നു.
പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന മോഹന്‍ലാല്‍ – ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടിന്റെ ബിഗ് ബജറ്റ് ത്രില്ലര്‍ ചിത്രമാണ് വില്ലന്‍. കഴിഞ്ഞ ദിവസം തിയേറ്ററിലെത്തിയ ചിത്രം മികച്ച പ്രതികരണത്തോടെ മുന്നേറുമ്പോഴാണ് ലാല്‍ തന്നെ പ്രതികരണവുമായെത്തിയത്. തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോയിലാണ് ചിത്രത്തെ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് മോഹന്‍ലാല്‍ നന്ദി പറഞ്ഞത്.
”വില്ലന്‍ സിനിമ റിലീസായി അതിനെ സന്തോഷപൂര്‍വ്വം സ്വീകരിച്ച എല്ലാവര്‍ക്കും നന്ദി, വില്ലന്‍ ഒരു ഡാര്‍ക്ക് ഇമോഷ്ണല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന സിനിമയാണെന്നാണ് എല്ലാവരും പറയുന്നത്. ഒരു ഫിലിം മെയിക്കറിനെ സംബന്ധിച്ച് ധാരാളം പഠിക്കാനുള്ള സിനിമ കൂടിയാണ് വില്ലന്‍. സിനിമയെ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ച എല്ലാവര്‍ക്കും നന്ദി. കുടുംബ പ്രേക്ഷകര്‍ക്ക് ഈ സിനിമ വളരെയധികം ഇഷ്ടപ്പെടുമെന്ന് തന്നെയാണ് താന്‍ വിശ്വസിക്കുന്നത്.
തങ്ങള്‍ ഒരുപാട് ചര്‍ച്ചകള്‍ക്ക് ശേഷം എടുത്ത സിനിമയാണ് വില്ലന്‍. അതിനേക്കാളുപരി ഒരു അഭിനേതാവെന്ന നിലയില്‍ തനിക്ക് ഏറ്റവും സംതൃപ്തി നല്‍കിയ കഥാപാത്രമാണ് മാത്യു മാഞ്ഞൂരാന്‍. എല്ലാവരും ചിത്രം കാണണമെന്നും, അഭിപ്രായങ്ങള്‍ അറിയിക്കണമെന്നും മോഹന്‍ലാല്‍ വീഡിയോയില്‍ പറയുന്നു”.
ചിത്രത്തില്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. എന്നും എപ്പോഴും എന്ന ചിത്രത്തിനു ശേഷം മഞ്ജു വാര്യര്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തുന്ന ചിത്രം കൂടിയാണ് വില്ലന്‍. മോഹന്‍ലാലിന്റെ ഭാര്യയായാണ് ചിത്രത്തില്‍ മഞ്ജു എത്തുന്നത്. തമിഴ് നടന്‍ വിശാലും ഹന്‍സികയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
റോക്ക് ലൈന്‍ വെങ്കിടേഷാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഇന്ത്യയില്‍ ആദ്യമായി പൂര്‍ണമായും 8കെയില്‍ ചിത്രീകരിക്കുന്ന സിനിമയാണ് വില്ലന്‍. പുലിമുരുകനില്‍ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയ പീറ്റര്‍ ഹെയ്നാണ് ചിത്രത്തിന്റെ ആക്ഷന്‍ കോറിയോഗ്രാഫര്‍.
ശരീരഭാരം കുറച്ച്, സോള്‍ട്ട് ആന്റെ് പെപ്പര്‍ ലുക്കില്‍ പുറത്തിറങ്ങിയ വില്ലന്റെ പോസ്റ്ററുകളും ട്രെയിലറും ആരാധകര്‍ക്കിടയില്‍ വലിയ ആവേശമാണ് സൃഷ്ടിച്ചത്. ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വില്ലന്‍. മിസ്റ്റര്‍ ഫ്രോഡാണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം. 2013ല്‍ പുറത്തിറങ്ങിയ റെഡ് വൈന്‍ എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ ഒടുവിലായി പൊലീസ് വേഷത്തില്‍ എത്തിയത്.
https://www.facebook.com/ActorMohanlal/videos/1519470864775271/
