തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തില്‍ പുതിയ പ്രതിസന്ധി. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വൈകുന്നതില്‍ നഷ്ടപരിഹാരം അടയ്ക്കാനാണ് അദാനി ഗ്രൂപ്പിനോട് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. നിശ്ചിത സമയത്ത് 25 ശതമാനം ജോലി പൂര്‍ത്തിയാക്കാത്തതിനാലാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.

19 കോടി നഷ്ടപരിഹാരമായി അടയ്ക്കാനാണ് നിര്‍ദേശം നല്‍കിയത്. ഒരു ദിവസം 12 ലക്ഷം എന്ന കരാര്‍ വ്യവസ്ഥ അനുസരിച്ചാണ് സര്‍ക്കാരിന്റെ നടപടി. നിശ്ചിത സമയപരിധിയില്‍ കരാര്‍ വ്യവസ്ഥ പ്രകാരം നിശ്ചിത പണി പൂര്‍ത്തിയാക്കിയിരിക്കണം. അതിനായി നിശ്ചയിച്ചിട്ടുള്ള പണവും ചെലവഴിച്ചിരിക്കണം. എന്നാല്‍ ഇതില്‍ വീഴ്ച വന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ കരാര്‍ വ്യവസ്ഥ പ്രകാരം നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. അതേസമയം പദ്ധതി പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന നിലപാടിലാണ് അദാനി ഗ്രൂപ്പ്. ഇക്കാര്യം അദാനി ഗ്രൂപ്പ് അധികൃതര്‍ ഇന്നും ആവര്‍ത്തിച്ചു. 16 മാസം കൂടി സമയം കിട്ടിയേ തീരൂ. ഓഖി അടക്കം കാലാവസ്ഥാ പ്രശ്‌നങ്ങളും നിര്‍മ്മാണം വൈകുന്നതിന് കാരണമാകുന്നതായി അദാനി ഗ്രൂപ്പ് അധികൃതര്‍ സര്‍ക്കാരിനെ അറിയിച്ചു.