ന്യൂയോര്‍ക്ക്: ഉപയോഗിക്കുന്നവരുടെ സ്വകാര്യതയുടെ കാര്യത്തില്‍ ഫെയ്സ്ബുക്കിന് അധികാരികള്‍ സ്വയം നിയന്ത്രണാധികാരം നല്‍കരുതെന്നും ഫെയ്സ്ബുക്കിന് അതിന് സാധിക്കില്ലെന്നും വെളിപ്പെടുത്തി ഫെയ്സബുക്കിലെ മുന്‍ ജീവനക്കാരന്‍.
സ്വകാര്യതാ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായുള്ള ഫെയ്സ്ബുക്കിന്റെ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന സാന്‍ഡി പാര്‍കിലാസ് ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഫെയ്സ്ബുക്കിന് കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
‘നിങ്ങളുടെ ഇഷ്ടങ്ങള്‍, നിങ്ങളുടെ ലൊക്കേഷന്‍, നിങ്ങളുടെ സുഹൃത്തുക്കള്‍ ആരെല്ലാം, നിങ്ങളുടെ താല്‍പര്യങ്ങള്‍ എന്തെല്ലാമാണ്, നിങ്ങള്‍ക്ക് പ്രണയബന്ധമുണ്ടോ ഇല്ലയോ, ഏതെല്ലാം പേജുകളാണ് നിങ്ങള്‍ സന്ദര്‍ശിക്കുന്നത് തുടങ്ങിയ വിവരങ്ങളെല്ലാം ഫെയ്സ്ബുക്കിനറിയാം. ഈ വിവരങ്ങളാണ് 100 കോടിയിലധികം വരുന്ന ഫെയ്സ്ബുക്ക് ഉപയോക്താക്കളിലേക്ക് പരസ്യപ്രസാധകരെ എത്തിക്കുന്നത്’-പാരാകിലാസ് പറയുന്നു.
അമേരിക്കന്‍ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട റഷ്യക്കാര്‍ തിരഞ്ഞെടുത്തത് ടിവിയോ പത്രപ്പരസ്യമോ അല്ലെന്നും അവര്‍ ഫെയ്സ്ബുക്കിലേക്കാണ് തിരിഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.