കൊച്ചി:നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടിയുടെ പേരു വെളിപ്പെടുത്തുകയും മോശമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്ത പിസി ജോര്‍ജിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം.ആരെക്കുറിച്ചും എന്തും പറയാമെന്നാണോ പ്രതി കരുതിയിരിക്കുന്നതെന്നും വീട്ടിലി
രിക്കുന്ന സ്ത്രീകളെ കുറിച്ച് പ്രതി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുമോയെന്നും കോടതി ചോദിച്ചു.നടിക്കെതിരായ പരാമര്‍ശങ്ങളുടെ പേരിലുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പിസി ജോര്‍ജ് നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. ഇരയെ അപകീര്‍ത്തിപ്പെടും വിധത്തിലുള്ള പ്രവൃത്തികള്‍ കുറ്റം ആവര്‍ത്തിക്കുന്നതിന് തുല്യമാണെന്നും കോടതി പറഞ്ഞതിനെത്തുടര്‍ന്ന് പി സി ജോര്‍ജ് ഹര്‍ജി പിന്‍വലിക്കുകയായിരുന്നു.
”ക്രൂരമായി പീഡിപ്പിക്കപ്പെട്ടെങ്കില്‍ നടി അടുത്ത ദിവസം എങ്ങനെയാണ് ഷൂട്ടിംഗിനു പോയത്” എന്നാണ് പ്രതി പറഞ്ഞത്. അവര്‍ ധൈര്യശാലിയായതിനാലായിരിക്കും പോയിട്ടുണ്ടാവുക. സ്ത്രീകളെ ജീവിക്കാന്‍ അനുവദിക്കില്ലേയെന്നും കോടതി ചോദിച്ചു.
പൈശാചികമായ കുറ്റകൃത്യത്തിന് ഇരയായ പെണ്‍കുട്ടിയെ വീണ്ടും വീണ്ടും മാനസികമായി ആക്രമിക്കുന്നത് എന്തിനാണ്. പാഞ്ചാലിയുടെയും ദ്രൗപതിയുടെയുമെല്ലാം കാലമല്ല ഇത്. പുരുഷ മേധാവിത്വത്തിന്റെ കാലം കഴിഞ്ഞു. പീഡനത്തിന് ഇരയായ സ്ത്രീകളെ വീണ്ടും വീണ്ടും പീഡിപ്പിക്കുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പി സി ജോര്‍ജ് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ എതിര്‍കക്ഷിയാക്കി വെച്ചിരിക്കുന്ന യുവനടിയുടെ പേരും വിലാസവും വരെ പി സി ജോര്‍ജ് ഹര്‍ജിയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണെന്ന് പൊലീസീന് വേണ്ടി ഹാജരായ സീനിയര്‍ ഗവ.പ്ലീഡര്‍ സുമന്‍ ചക്രവര്‍ത്തി ചൂണ്ടിക്കാട്ടി. ഇരയെ ഏതെങ്കിലും തരത്തില്‍ തിരിച്ചറിയാവുന്ന പ്രസ്താവനയോ പ്രചരണമോ ആരും നടത്തരുതെന്ന നിപുന്‍ സക്സേന-യൂണിയന്‍ ഓഫ് ഇന്ത്യ കേസിലെ സുപ്രിംകോടതി വിധിയുടെ ലംഘനമാണ് നടന്നിരിക്കുന്നത്.പിസി ജോര്‍ജിന്റെ ഹര്‍ജി തന്നെ ഒരു കുറ്റമാണെന്നും സുമന്‍ ചക്രവര്‍ത്തി ചൂണ്ടിക്കാട്ടി.