[author image=”http://veekshanamonline.media/wp-content/uploads/2017/10/sooranad-rajasekharan.jpg” ]ഡോ.ശൂരനാട് രാജശേഖരന്‍ [/author]

ആര്‍എസ്എസും സംഘ പരിവാറും നയിക്കുന്ന മോദി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വിശാല സഖ്യമുണ്ടാക്കാന്‍ ഇന്ത്യയിലെ എല്ലാ ജനാധിപത്യശക്തികളും അണിനിരക്കാന്‍ തീരുമാനിക്കുമ്പോള്‍ ഇതിനെച്ചൊല്ലി സിപിഎമ്മില്‍ ആഭ്യന്തര കലാപം നടക്കുകയാണ്.
മുഖ്യശത്രു കോണ്‍ഗ്രസോ ബിജെപിയോ എന്നു പറയാന്‍ സിപിഎമ്മിന് കഴിയുന്നില്ല. പാര്‍ട്ടി സെക്രട്ടറിയും ബംഗാള്‍ ഘടകവും ബിജെപിയാണ് മുഖ്യശത്രുവെന്ന് പറയുമ്പോള്‍ കോണ്‍ഗ്രസ് മുക്ത ഭാരതമാണ് ലക്ഷ്യമെന്ന് പ്രകാശ് കാരാട്ടും പിണറായി വിജയനും പറയുന്നു.
ചരിത്രപരമായ വിഡ്ഢിത്തം വീണ്ടും ആവര്‍ത്തിക്കുമോ? ഇതിന് ഉത്തരം കിട്ടാന്‍ സിപിഎമ്മിന്റെ അടുത്ത പാര്‍ട്ടി കോണ്‍ഗ്രസുവരെ കാത്തിരിക്കണം.
ചരിത്രത്തില്‍നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളുകയാണ് വിവേകമതികള്‍ ചെയ്യുക. തെറ്റുകള്‍ ഒഴിവാക്കി ശരിയായ പാതയിലൂടെ മുന്നേറാന്‍ അതവരെ സഹായിക്കും. എന്നാല്‍ വിഡ്ഢികള്‍ അങ്ങനെയല്ല. അവര്‍ തെറ്റുകള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. ചരിത്രപരമായ വിഡ്ഢിത്തങ്ങള്‍ ആവര്‍ത്തിക്കുകയാണ് സിപിഎം. പ്രത്യേകിച്ചും, അതിലെ പ്രബലരായ ഒരു വിഭാഗം.
1996 ല്‍ ജ്യോതിബസു പ്രധാനമന്ത്രിയാകുന്നതിനെ പിന്തുണക്കാമെന്നു കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തപ്പോള്‍ വേണ്ടെന്നുവെക്കുകയായിരുന്നു സിപിഎം. അന്ന് ഇന്ത്യയില്‍ നിലനിന്നിരുന്ന സങ്കീര്‍ണ്ണമായ രാഷ്ട്രീയസാഹചര്യം കണക്കിലെടുത്തായിരുന്നു കോണ്‍ഗ്രസ് പിന്തുണ വാഗ്ദാനം ചെയ്തത്.
വലതുപക്ഷ വര്‍ഗീയശക്തികള്‍ കരുത്തുനേടുന്നത് തടയാന്‍ അതാവശ്യമായിരുന്നു. പ്രധാനമന്ത്രിയാകാന്‍ ജ്യോതിബസു സന്നദ്ധനായിരുന്നു. പാര്‍ട്ടിയിലെ ഒരുവിഭാഗം അതിനു അനുകൂലവുമായിരുന്നു. പക്ഷെ, പാര്‍ട്ടി തീരുമാനം മറിച്ചായി. ചരിത്രപരമായ വിഡ്ഢിത്തമെന്നു ആദ്യം അതിനെ വിശേഷിപ്പിച്ചത് ജ്യോതിബസു തന്നെയായിരുന്നു.
കാലം കുറെ കഴിഞ്ഞപ്പോള്‍ ചുരുക്കം ചിലരൊഴികെ എല്ലാവരും ആ സത്യം അംഗീകരിച്ചു. അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ ഭരണത്തിലേക്ക് വരുന്ന സാഹചര്യം സൃഷ്ടിച്ചത് സിപിഎമ്മിന്റെ നിഷേധാത്മകമായ ആ നിലപാടായിരുന്നു.
മാറിവന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ നിലപാട് തിരുത്താന്‍ സിപിഎമ്മിനെ നിര്‍ബ്ബന്ധിതമാക്കി. 2004ല്‍ ഒന്നാം യുപിഎ ഗവണ്മെന്റിനെ അവര്‍ പിന്തുണച്ചു. മന്ത്രിസഭയില്‍ ചേരണമെന്നപക്ഷക്കാരായിരുന്നു ജ്യോതിബസു ഉള്‍പ്പടെയുള്ള നേതാക്കള്‍. പക്ഷെ അവര്‍ ന്യൂനപക്ഷമായി. മന്ത്രിസഭയില്‍ ചേരുന്നതിനു തീരുമാനിച്ചിരുന്ന സിപിഐയും ഒടുവില്‍ സിപിഎം സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി നിലപാട്മാറ്റി. മന്ത്രിസഭയില്‍ പങ്കാളികളായില്ലെങ്കിലും ഒന്നാം യുപിഎ മന്ത്രിസഭയുടെ കാലത്ത് ഇടതുപക്ഷത്തിന്റെ സജീവമായ സഹകരണമുണ്ടായിരുന്നു.
ചരിത്രപ്രധാനമെന്നു വിശേഷിപ്പിക്കുന്ന ഒട്ടേറെ നിയമനിര്‍മ്മാണങ്ങളും തീരുമാനങ്ങളുമുണ്ടായി. വിവരാവകാശനിയമം, ലോകത്തിലെ തന്നെ ഏറ്റവും വലിയപദ്ധതിയായിമാറിയ ഗ്രാമീണതൊഴിലുറപ്പുപദ്ധതി, 76000 കോടി രൂപയുടെ കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളിയതും കാര്‍ഷികോല്‍പന്നങ്ങളുടെ താങ്ങുവില ഇരട്ടിയാക്കിയതുമുള്‍പ്പടെ കാര്‍ഷികമേഖലയ്ക്ക് നല്‍കിയ പുതിയ ഉണര്‍വ് എന്നിങ്ങനെയുള്ള എല്ലാ നടപടികള്‍ക്കും ഇടതുപക്ഷം പിന്തുണ നല്‍കി. ആഗവണ്മെന്റിനു എത്രത്തോളം ജനസ്വീകാര്യതയുണ്ടായിരുന്നുവെന്നു 2009ലെ തെരെഞ്ഞെടുപ്പ് തെളിയിച്ചു.
എന്നാല്‍ ആ നേട്ടമനുഭവിക്കാന്‍ ഇടതുപക്ഷം ഒപ്പമില്ലാതെപോയി. മറ്റൊരു ചരിത്ര വിഡ്ഢിത്തമാണ് അതിലേക്കവരെ നയിച്ചത്. യുഎസുമായുള്ള ആണവ കരാര്‍ ഒപ്പുവെച്ചതിനെത്തുടര്‍ന്നു യുപിഎ ഗവണ്മെന്റിനുള്ള പിന്തുണ പിന്‍വലിക്കുകയായിരുന്നു. ഒന്നാം യുപിഎ ഗവണ്മെന്റിന്റെ വലിയൊരു നേട്ടമായി പൊതുവില്‍ വിലയിരുത്തപ്പെട്ട കാര്യമായിരുന്നു ആണവകരാര്‍. ഇന്ത്യയുടെ ഊര്‍ജ്ജ സ്വയംപര്യാപ്തതക്ക് ആവശ്യമായ ആണവ ഇന്ധനം നേടിയെടുക്കാന്‍ കഴിഞ്ഞുവെന്നതാണ് അതിന്റെ നേട്ടം. ഇന്ത്യയുടെ ആണവ ബോംബ് പരീക്ഷണത്തെത്തുടര്‍ന്നു ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര ഉപരോധത്തെ മറികടക്കുന്നതിനും മറ്റു ഒട്ടേറെ രാജ്യങ്ങളുമായി സമാനമായ കരാറുകള്‍ ഒപ്പുവെക്കുന്നതിനും അത് വഴിതുറന്നു.
യുപിഎ ഗവണ്മെന്റിനുള്ള പിന്തുണ പിന്‍വലിക്കുക മാത്രമല്ല, ബിജെപിയുമായി ചേര്‍ന്നുകൊണ്ട് ആ ഗവണ്മെന്റിനെ മറിച്ചിടുന്നതിനു വോട്ടുകച്ചവടംപോലുള്ള ഹീനശ്രമങ്ങളില്‍പ്പോലും സിപിഎം നിര്‍ലജ്ജം ഏര്‍പ്പെട്ടു. പാര്‍ട്ടിയുടെ നിലപാട് പ്രമുഖരായ നേതാക്കളുള്‍പ്പടെ പലര്‍ക്കും മനസ്സിലായില്ല. സോമനാഥ് ചാറ്റര്‍ജിയെപ്പോലെ സമാദരണീയനായ ഒരു നേതാവിന് വഴിപിരിയേണ്ടിവന്നു. സീതാറാം യെച്ചൂരിയെപ്പോലുള്ള നേതാക്കള്‍ അമര്‍ഷം ഉള്ളിലൊതുക്കിയാണ് പാര്‍ട്ടി നിലപാടിനൊപ്പം നിലകൊണ്ടത്.
യുപിഎയുമായുള്ള ബന്ധമുപേക്ഷിച്ച സിപിഎമ്മിനും മറ്റു ഇടതു പാര്‍ട്ടികള്‍ക്കും 2009ലെ ലോക് സഭ തെരഞ്ഞെടുപ്പ് തിരിച്ചടിയായി. നേരത്തെയുണ്ടായിരുന്ന സീറ്റുകള്‍ നിലനിര്‍ത്താന്‍ അവര്‍ക്കു കഴിഞ്ഞില്ല. തുടര്‍ന്നുള്ള ബംഗാള്‍ തെരഞ്ഞെടുപ്പില്‍ പരാജയവും സംഭവിച്ചു. 2014ലെ തെരഞ്ഞെടുപ്പിലും 2016ലെ ബംഗാള്‍ തെരഞ്ഞെടുപ്പിലും സ്ഥിതി അതിലും ദയനീയമാകുകയും ചെയ്തു.
സീതാറാം യെച്ചൂരി ജനറല്‍ സെക്രട്ടറി ആയപ്പോള്‍ സിപിഎം നയത്തില്‍ ഒരുമാറ്റം സ്വാഭാവികമായും പ്രതീക്ഷിച്ചു. എന്നാല്‍ അദ്ദേഹത്തെ നിസ്സഹായനാക്കി ചരിത്രപരമായ വിഡ്ഢിത്തങ്ങള്‍ ആവര്‍ത്തിക്കാനുള്ള ശ്രമത്തിലാണ് സിപിഎമ്മില്‍ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തിലുള്ള ഒരുവിഭാഗം. രാഷ്ട്രീയമായും സംഘടനാപരമായും സ്റ്റാലിനിസ്റ്റ് ചട്ടക്കൂടിനുള്ളില്‍ സ്വയം തളച്ചിടപ്പെട്ടിട്ടുള്ള ഒരു നേതാവാണ് കാരാട്ട്. അന്ധമായ കോണ്‍ഗ്രസ് വിരോധം അതിന്റെ ഭാഗമാണ്. സ്വന്തം ചൊല്‍പ്പടിക്ക് നില്‍ക്കാത്തവരെയെല്ലാം വര്‍ഗശത്രുക്കളായി കാണുന്നതായിരുന്നു സ്റ്റാലിനിസ്റ്റ് നയം. ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ മത നിരപേക്ഷ പ്രസ്ഥാനമായ കോണ്‍ഗ്രസ് ഇടതു ആഭിമുഖ്യം പുലര്‍ത്തുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ്. ആഗോള രാഷ്ട്രീയനിരീക്ഷകര്‍ കോണ്‍ഗ്രസിനെ ഒരു ഇടതു മധ്യവര്‍ത്തി പാര്‍ട്ടിയായിട്ടാണ് കാണുന്നത്. ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും സോഷ്യല്‍ ഡെമോക്രാറ്റുകളും ഉള്‍പ്പെടുന്ന ആഗോള ഇടതുപക്ഷ പ്രസ്ഥാനം ആദരവോടെ കണ്ട നേതാക്കളായിരുന്നു ജവാഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിര ഗാന്ധിയും. എന്നാല്‍ ഇന്ത്യയില്‍ അവരെ വലതുപക്ഷത്തോടൊപ്പം ചേര്‍ന്ന് എതിര്‍ക്കുകയായിരുന്നു അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും പിന്നീട് സിപിഎമ്മും.
സ്വന്തം വളര്‍ച്ചയെത്തന്നെ മുരടിപ്പിച്ച ആ സമീപനം ഉപേക്ഷിക്കാന്‍ തയ്യാറില്ലെന്നാണ് കാരാട്ടും കൂട്ടരും വ്യക്തമാക്കുന്നത്. അതവരെ വീണ്ടും വീണ്ടും ചരിത്രപരമായ വിഡ്ഢിത്തങ്ങളിലേക്കു നയിക്കുന്നു. അതിന്റെ ഭാഗമായിരുന്നു സീതാറാം യെച്ചൂരിയെ രാജ്യസഭയിലേക്ക് അയക്കേണ്ടതില്ലെന്ന തീരുമാനം. സിപിഎമ്മിന്റെ ആ തീരുമാനം ഏറ്റവും സന്തോഷിപ്പിച്ചത് മോദിയെയും കൂട്ടരെയുമാണ്. അവര്‍ ഭയന്നിരുന്ന ഒരുശബ്ദം പാര്‍ലമെന്റില്‍ ഇനി മുഴങ്ങില്ല. കോണ്‍ഗ്രസുമായി സഖ്യമാകാമോയെന്ന പ്രശ്‌നത്തില്‍ സിപിഎമ്മിനുള്ളില്‍ യെച്ചൂരി-ബംഗാള്‍ ഘടകം ഒരു ഭാഗത്തും കാരാട്ട്-കേരള ഘടകം മറുഭാഗത്തുമായി രൂപം കൊണ്ടിട്ടുള്ള ഭിന്നതയും ഏറ്റവുമധികം സന്തോഷിപ്പിക്കുന്നത് മോദിയെയും ബിജെപി, സംഘപരിവാര്‍ ശക്തികളെയുമാണ്.
ജനാധിപത്യ, മതേതര ശക്തികളുടെ യോജിപ്പിനെ തുരങ്കം വെക്കുന്നവര്‍ സഹായിക്കുന്നത് ആരെയാണെന്നത് മനസിലാക്കാന്‍ വലിയ രാഷ്ട്രീയ പാണ്ഡിത്യമൊന്നും ആവശ്യമില്ല. ജനാധിപത്യ ശക്തികളുടെ വിപുലമായ യോജിപ്പ് ആവശ്യമായിരിക്കുന്ന ഘട്ടത്തില്‍ വരട്ടുതത്വ വാദങ്ങളുയര്‍ത്തി അതിനെ തുരങ്കംവെക്കുന്നവര്‍ ബിജെപിയുടെ ‘അഞ്ചാംപത്തി’കള്‍ മാത്രമാണ്.
ഇരുകൂട്ടരുടെയും താല്‍പ്പര്യങ്ങള്‍ പരസ്പര പൂരകങ്ങളുമാണ്. അത് മറച്ചുപിടിക്കുന്നതിനുള്ള വലിയൊരഭ്യാസമാണ് കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നതായ ‘യാത്ര’കളും അതിന്റെ പേരിലുള്ള കോലാഹലങ്ങളും.
കോണ്‍ഗ്രസ് മുക്ത ഭാരതമാണ് ബിജെപി ലക്ഷ്യം. അതായത് വര്‍ഗീയ, ഫാഷിസ്റ്റ് ശക്തികളുടെ മുഖ്യശത്രു കോണ്‍ഗ്രസാണ്. ഇന്ത്യയുടെ പല ഭാഗങ്ങളിലും സംഘപരിവാര്‍ വിജയകരമായി പരീക്ഷിച്ച വര്‍ഗീയ, ജാതി കാര്‍ഡുകള്‍ പുരോഗമന, ജനാധിപത്യ, മതനിരപേക്ഷ ആശയങ്ങള്‍ക്ക് വളക്കൂറുള്ളമണ്ണായ കേരളത്തില്‍ ചിലവാകില്ലെന്നു ബിജെപിക്കറിയാം. അതുകൊണ്ടവര്‍ ഒരു പുതിയതന്ത്രം മെനഞ്ഞിരിക്കുന്നു. കേരള രാഷ്ട്രീയത്തെ സിപിഎമ്മും ബിജെപിയുമായിവിഭജിക്കുക. സിപിഎമ്മിനെ ഒരുഭീകര പ്രസ്ഥാനമായി ചിത്രീകരിക്കുകയും അതിനെ നേരിടാന്‍ കെല്‍പ്പുള്ള ഏക പ്രസ്ഥാനം ബിജെപിയാണെന്നു സ്ഥാപിക്കുകയുമാണ് തന്ത്രം. അതിന്റെപേരില്‍ രക്ഷായാത്രയെന്ന പേരിട്ടുകൊണ്ടു ചില കോപ്രായങ്ങള്‍കാട്ടുന്നു. സിപിഎമ്മിന്റെ രാഷ്ട്രീയ നിലപാടുകളോടും പ്രവര്‍ത്തനശൈലികളോടും ശക്തമായ വിയോജിപ്പുകളുണ്ടാകാം. എന്നാല്‍ അതിനെ ഒരു ഭീകരപ്രസ്ഥാനമായി ആരും കാണില്ല. വര്‍ഗീയ ചേരിതിരിവുകള്‍ സൃഷ്ടിച്ചുകൊണ്ട് ഇന്ത്യന്‍ ജനതയുടെ ഐക്യത്തെ തകര്‍ക്കുന്ന ആര്‍എസ്എസിനെപ്പോലെ ദേശീയ വിരുദ്ധമോ, തെരുവില്‍ ശിക്ഷാവിധികള്‍ നടപ്പാക്കുന്ന ഗോസംരക്ഷകരെപ്പോലെ ഒരു ഭീകരപ്രസ്ഥാനമോ അല്ല സിപിഎം. എന്നാല്‍ ഒറ്റപ്പെട്ട, പ്രത്യേകിച്ചും കണ്ണൂര്‍ ജില്ലയിലെ ചില സംഭവങ്ങളും അവിടുത്തെ പാര്‍ട്ടിനേതാക്കളും അങ്ങനെയൊരു പ്രതീതി സൃഷ്ടിക്കാന്‍ അവസരമൊരുക്കുന്നുവെന്നത് മറച്ചുവെച്ചിട്ടുകാര്യമില്ല. തെരുവില്‍ തെമ്മാടിത്തം കാട്ടുന്നതാണ് വിപ്ലവ പ്രവര്‍ത്തനമെന്ന് ധരിക്കുന്നവരോട് സഹതപിക്കുകയെ നിവൃത്തിയുള്ളു.
ബിജെപിയുടെ യാത്രാപരിപാടിയെ പുറമെ എതിര്‍ക്കുന്നുവെങ്കിലും ഉള്ളില്‍ സന്തോഷിക്കുകയാണ് അന്ധമായ കോണ്‍ഗ്രസ് വിരോധം പുലര്‍ത്തുന്ന കേരളത്തിലെ സിപിഎം നേതാക്കള്‍. കാരണം കോണ്‍ഗ്രസ് മുക്ത ഭാരതത്തിനായാണല്ലോ ബിജെപി പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടാണ് അമിത് ഷായെ വരവേല്‍ക്കാന്‍ റോഡുകള്‍ നന്നാക്കിയതുള്‍പ്പടെ എല്ലാ സൗകര്യങ്ങളും പിണറായി ഭരണം ചെയ്തുകൊടുത്തത്. ഡല്‍ഹിയില്‍ എകെജി ഭവനിലേക്കുള്ള ബിജെപിമാര്‍ച്ചിന് നേതൃത്വംനല്‍കിയത് പിണറായിവിജയന്റെ രാഷ്ട്രീയ ശിഷ്യനും അദ്ദേഹം വിരുന്നൂട്ടിവിടുകയും ചെയ്ത അല്‍ഫോന്‍സ് കണ്ണന്താനമായിരുന്നുവെന്നതും മറക്കരുത്.
പിണറായി വിജയനെതിരെ ബിജെപി സംഘപരിവാര്‍ നേതാക്കള്‍ കൊലവിളി നടത്തും. അദ്ദേഹം പോകുന്നിടത്തൊക്കെ ആക്രമണഭീഷണി മുഴക്കും. അതെല്ലാം കേരളത്തിലെ രാഷ്ട്രീയധ്രുവീകരണം സംബന്ധിച്ച് ബിജെപിയും കേരളത്തിലെ സിപിഎം നേതാക്കളും തമ്മിലുണ്ടാക്കിയിട്ടുള്ള ഒരു രഹസ്യഅജണ്ടയുടെ ഭാഗമാണ്.
ബിജെപിയുടെ മുഖ്യശത്രു പിണറായി വിജയനാണെന്നു സ്ഥാപിക്കുകയും അതിലൂടെ ബിജെപി വിരുദ്ധശക്തികളുടെ നേതാവാക്കി അദ്ദേഹത്തെ ഉയര്‍ത്തിക്കാട്ടുകയുമാണ് ആ രഹസ്യ അജണ്ട. ബിജെപിയോട് മൃദുസമീപനം പുലര്‍ത്തുന്ന സിപിഎമ്മിലെ കാരാട്ട് പക്ഷക്കാരനാണ് പിണറായിയെന്നത് മറക്കരുത്. കേരളത്തില്‍ ‘മുണ്ടുടുത്ത മോദി’യുടെ ഭരണത്തില്‍ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സുരക്ഷിതമാണെന്ന് ബിജെപിക്കും സംഘപരിവാര്‍ ശക്തികള്‍ക്കുമറിയാം. ഏറ്റവുമൊടുവില്‍ മോഹന്‍ഭാഗവതിന്റെ കേസിലും അത് തെളിഞ്ഞതാണല്ലോ.
കോണ്‍ഗ്രസ് തകരുകയും തല്‍സ്ഥാനത്ത് ബിജെപിവരുകയും ചെയ്യുന്നതില്‍ വലിയ വ്യത്യാസമൊന്നും കാണാന്‍ കഴിയാത്തത്ര ബൗദ്ധിക, രാഷ്ട്രീയ നിലവാരം കുറഞ്ഞവരാണ് കേരളത്തിലെ സിപിഎം നേതാക്കള്‍. കോണ്‍ഗ്രസ് മുക്ത ഭാരതമെന്നതിനു കോണ്‍ഗ്രസ് പാര്‍ട്ടി ഇല്ലാത്ത ഇന്ത്യയെന്നതിനേക്കാളുപരി ജനാധിപത്യവും മതനിരപേക്ഷതയും സ്വതന്ത്രമാധ്യമങ്ങളും ജുഡീഷ്യറിയുള്‍പ്പടെ സ്വതന്ത്രസ്ഥാപനങ്ങളുമൊന്നുമില്ലാത്ത ഒരിന്ത്യയെന്ന വലിയൊരു അര്‍ത്ഥമാണ് സംഘപരിവാര്‍ ഫാഷിസ്റ്റ് ശക്തികള്‍ കല്‍പ്പിക്കുന്നതെന്നു അവര്‍ മനസിലാക്കുന്നില്ല.
സിപിഎം ഇല്ലാത്ത സംസ്ഥാനങ്ങളിലാണ് ബിജെപിവളരുന്നതെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത്. സിപിഎം എവിടെയൊക്കെയുണ്ട് എന്നുള്ള ചോദ്യത്തിന് പ്രസക്തിയേറുന്നു. ആകെയുള്ളത് പശ്ചിമ ബംഗാളിലും കേരളത്തിലും. ത്രിപുരയെന്ന ഒരു കൊച്ചു സ്ഥലത്തും മാത്രം.
കേരളത്തില്‍ ഒരു താമര വിരിഞ്ഞില്ലേ? പാര്‍ട്ടി തുടര്‍ച്ചയായി 34 വര്‍ഷങ്ങള്‍ ഭരിച്ച പശ്ചിമബംഗാളില്‍ എന്താണ് സ്ഥിതി? കോടിയേരി സഖാവ് നല്ലൊരു തമാശക്കാരനാണ്.