തിരുവനന്തപുരം: കോടികളുടെ അഴിമതിയാരോപണം നേരിടുന്ന ഉദ്യോഗസ്ഥനെ വീണ്ടും ഉന്നതപദവിയില്‍ അവരോധിക്കാനുള്ള സര്‍ക്കാര്‍ നീക്കം വിവാദമാകുന്നു. സിബിഐ അന്വേഷണം നേരിടുന്ന മുന്‍ കശുവണ്ടി കോര്‍പ്പറേഷന്‍ എംഡി കെ എ രതീഷിനെ കണ്‍സ്യൂമര്‍ ഫെഡ് എംഡിയാക്കി നിയമിക്കാനാണ് നീക്കം. നിയമനത്തിനായി രതീഷിന്റെ അഭിമുഖം നടത്തി വിജിലന്‍സ് ക്ലിയറന്‍സിനായി കാത്തിരിക്കുകയാണ് സര്‍ക്കാരെന്നാണ് വിവരം. അഞ്ചുപേര്‍ പങ്കെടുത്ത അഭിമുഖത്തില്‍ രതീഷ് ഒന്നാമനായിരുന്നു.
കശുവണ്ടി വികസന കോര്‍പ്പറേഷനിലെ എംഡിയായിരിക്കെ തോട്ടണ്ടി ഇറക്കുമതിയില്‍ കോടികളുടെ അഴിമതി ആരോപണമാണ് കെ എ രതീഷിനെതിരെ ഉയര്‍ന്നത്. കേസില്‍ രതീഷിനെ കുറ്റവിമുക്തനാക്കി വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കേസില്‍ സിബിഐ അന്വേഷണം തുടരുകയാണ്.