തിരുവനന്തപുരം:സോളാര്‍ കേസ് വീണ്ടും ചര്‍ച്ചയാക്കാനൊരുങ്ങി സരിത എസ് നായര്‍. ഇതിന്റെ ഭാഗമായി ഉമ്മന്‍ ചാണ്ടിക്കെതിരെയും കെ.സി വേണുഗോപാലിനുമെതിരെയും കേസെടുക്കാന്‍ സരിത വീണ്ടും പരാതി നല്‍കി.ബലാത്സംഗം അടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് അന്വേഷണ സംഘത്തലവനായ എ.ഡി.ജി.പി അനില്‍ കാന്തിനാണ് സരിത പരാതി നല്‍കിയിരിക്കുന്നത്.പൊലീസിന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സരിതയുടെ നീക്കം.
സോളാര്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും നിയമപരമായി അത് നലിനില്‍ക്കില്ലെന്നാണ് പൊലീസിന്റെ നിലപാട്. ഇതോടെ ക്രൈംബ്രാഞ്ചിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു.പല സമയത്തും പല സ്ഥലങ്ങളില്‍ നടന്ന കുറ്റങ്ങളില്‍ ഒറ്റ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന് നിയമോപദേശം ലഭിച്ചതോടെയാണ് ഓരോരുത്തര്‍ക്കുമെതിരെ പ്രത്യേകം പരാതി നല്‍കാന്‍ തീരുമാനിച്ചത്.
ഈ പരാതികളില്‍ വൈകാതെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നാണ് അറിയുന്നത്.ആര്യാടന്‍ മുഹമ്മദ്,എപി അനില്‍ കുമാര്‍,അടൂര്‍ പ്രകാശ്,ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം നസ്സറുള്ള,കോണ്‍ഗ്രസ് നേതാവ് എന്‍.സുബ്രമണ്യം,ബഷീര്‍ അലി തങ്ങള്‍ എന്നിവര്‍ക്കെതിരെ പ്രത്യേകം പരാതികള്‍ വൈകാതെ പൊലീസില്‍ നല്‍കുമെന്നാണ് വിവരം.