ചെന്നൈ: വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ചെന്നൈയില്‍ ദുരിതത്തിലായ ജനങ്ങളെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയ പൊലീസ് സേനയെ അനുമോദിച്ചും അവര്‍ക്കു നന്ദി അറിയിച്ചും നടന്‍ കമല്‍ ഹാസന്‍ രംഗത്തെത്തി. പൂര്‍ണമായും വെള്ളത്തിലായ തെരുവുകളില്‍ സഹായവുമായെത്തിയ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങള്‍ കാണിച്ചാണ് കമല്‍ ഹാസന്റെ അനുമോദനം. സര്‍ക്കാര്‍ സംവിധാനങ്ങളെ ബുദ്ധിമുട്ടിക്കാതെ തന്റെ ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങളോടും ആരാധകരോടും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ കമല്‍ഹാസന്‍ ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തു.

കനത്ത മഴയെത്തുടര്‍ന്ന് വെള്ളം കയറിയ പ്രദേശങ്ങളില്‍ ഡ്യൂട്ടി ഇല്ലാതിരുന്നിട്ടു കൂടി സഹായവുമായെത്തിയ പൊലീസ് സേനയെ അഭിനന്ദിച്ചേ മതിയാകൂ. യൂണിഫോം ഇല്ലെങ്കിലും ഉണ്ടെങ്കിലും രാജ്യത്തിന്റെ നല്ല പൗരന്മാര്‍ തിളങ്ങി നില്‍ക്കുക തന്നെ ചെയ്യും. ഇതു മാതൃകയാക്കി തമിഴ്‌നാട്ടിലെ മറ്റുള്ളവരും സഹായസന്നദ്ധരായി മുന്നിട്ടിറങ്ങണം- കമല്‍ഹാസന്‍ ട്വീറ്റു ചെയ്തു.

കനത്ത മഴയെത്തുടര്‍ന്നു ചെന്നൈയില്‍ താഴ്ന്ന പ്രദേശങ്ങളിലേറെയും വെള്ളക്കെട്ടിന്റെ പിടിയിലാണ്. സമീപ ജില്ലകളിലും വെള്ളപ്പൊക്ക ഭീഷണിയുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും തകൃതിയാണ്.

നേരത്തേ, സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നതിനെതിരെയും കമല്‍ രംഗത്തു വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് അണ്ണാഡിഎംകെ സര്‍ക്കാരിനെതിരെ അഴിമതി ആരോപണങ്ങളും ഉന്നയിച്ചു. തന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ചു വ്യക്തമായ സൂചനകള്‍ നല്‍കിയ സാഹചര്യത്തില്‍ വിവിധ രാഷ്ട്രീയ നേതൃത്വങ്ങളും കമലിനെതിരെ പ്രസ്താവനകളാലും ആരോപണങ്ങളാലും പ്രതിരോധം തീര്‍ക്കുന്നുണ്ട്.