പഠിക്കാതെ അലസമായി സുഖഭോഗങ്ങളില്‍ മുഴുകി സമയം കളയുന്ന ഒരു കുട്ടിയെ കാണുമ്പോള്‍ എന്താ മനസ്സിലാക്കേണ്ടത് ? ആ കുട്ടിയുടെ  ഇന്നത്തെ സുഖങ്ങളും അലസതയും മടിയുമെല്ലാം മറ്റൊരാളിന്‍റെ അദ്ധ്വാനത്തിന്‍റെ മുകളിലാണ് സ്ഥിതി ചെയ്യുന്നത്! സമയത്തിന് ആഹാരവും വസ്ത്രവും വിശ്രമസൗകര്യങ്ങളും കിട്ടുന്നൊരാള്‍ക്കു മാത്രമേ അങ്ങനെ  അലസമായി ജീവിക്കാന്‍ ആകൂ. ഒരു വീട്ടിലെ എല്ലാപേര്‍ക്കും അലസമായി കഴിയാന്‍ ആകില്ലല്ലോ! ഇന്ന് അദ്ധ്വാനിക്കുന്നവര്‍ക്ക് നാളെ അതിന് സാധിക്കാത്ത ശാരീരികസ്ഥിതി വരുമെന്നും അപ്പോള്‍ താന്‍ അദ്ധ്വാനിക്കേണ്ടി വരുമെന്നും അറിഞ്ഞ് ഇന്നത്തെ സൗകര്യങ്ങളെ ഒരു കുട്ടി പഠനത്തിനായി ഉപയോഗപ്പെടുത്തണം. അതാണ് വിവേകം. മറിച്ച്  പ്രണയം, മൊബൈല്‍, നിദ്ര, ആഘോഷം തുടങ്ങിയ സുഖങ്ങളില്‍ മതിമയങ്ങുമ്പോള്‍ പഠനം വഴിമാറുന്നു. ഒരു വീടിനെ സംബന്ധിച്ച് ആരെങ്കിലും ഒരാളെങ്കിലും ആരോഗ്യം ഉള്ളിടത്തോളം കാലം അദ്ധ്വാനിക്കുന്നു. അവരെ ആശ്രയിച്ചാണ് മറ്റുള്ളവര്‍ ജീവിക്കുന്നത്. അങ്ങനെ മറ്റുള്ളവരുടെ അദ്ധ്വാനത്തിന്‍ കീഴില്‍ അലസമായി കഴിയുന്ന  ഓരോരുത്തരും തങ്ങള്‍ ചെയ്യേണ്ടതെന്താണോ അത് ചെയ്ത്  തമോഗുണത്തില്‍ നിന്ന് രക്ഷനേടേണ്ടതാണ്. അഴിമതിയിലൂടെ ധനം നേടുന്നവരും മറ്റുള്ളവരുടെ അദ്ധ്വാനഭാരത്തിന്‍ മുകളില്‍ അലസവും ആഡംബരപൂര്‍ണ്ണവുമായ ജീവിതം നയിക്കുന്നതുകാണാം. തമോഗുണത്തില്‍ വീണുമയങ്ങുന്ന ഇത്തരം ജനം ഏതു വീട്ടിലുണ്ടോ ആ വീടും, അത്തരക്കാര്‍ ഏതു ഭരണത്തിലുണ്ടോ ആ നാടും ഭാവിയില്‍ നാശത്തെ പ്രാപിക്കുമല്ലോ! ഒരു കൂട്ടര്‍ അദ്ധ്വാനിക്കുകയും മറ്റൊരുകൂട്ടര്‍ പലവഴിയിലൂടെ അത് പിരിച്ചെടുത്ത് ആഘോഷിച്ച് കളയുകയും ചെയ്യുന്നു! വീട്ടിലാകട്ടെ, ദേവാലയങ്ങളിലാകട്ടെ, രാഷ്ട്രീയത്തിലാകട്ടെ ഇത്തരം അലസമായ ആഘോഷങ്ങള്‍ കൂടിക്കൊണ്ടിരിക്കുകയാണെങ്കില്‍ നാം തമോഗുണത്തിന്‍റെ ഭാവിഫലത്തെ മുന്നില്‍ കാണുകയാണ്. ധനം ശരിയായ വിധം വിനിയോഗിക്കാന്‍ കഴിവുള്ള സാത്വിക ബുദ്ധി നമുക്ക് ഉണ്ടാകട്ടെ. ഓം.