തിരുവനന്തപുരം:വേനല്‍ച്ചൂടില്‍ അതീവജാഗ്രതയോടെ കേരളം.ഇന്ന് തിരുവനന്തപുരം പാറശാലയിലും പത്തനംതിട്ട മാരാമണ്ണിലുമായി രണ്ട് പേര് കുഴഞ്ഞ് വീണ് മരിച്ചത് സൂര്യാഘാതം മൂലമെന്നാണ് പ്രാഥമിക നിഗമനം.പത്തനംതിട്ട കോഴഞ്ചേരി മാരാമണ്ണില്‍ ഹോട്ടല്‍ ജീവനക്കാരനായ ഷാജഹാനെ (60) പമ്പയാറിന്റെ തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.ശരീരത്തിലെ തൊലിയില്‍ പൊള്ളലേറ്റിട്ടുണ്ട്. മരണം സൂര്യാഘാതം മൂലമാണെന്ന് സംശയിക്കുന്നതായി മൃതദേഹം പരിശോധിച്ച കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.
തിരുവനന്തപുരത്ത് പാറശ്ശാലയില്‍ വാവ്വക്കരയിലെ വയലില്‍ ഉച്ചയ്ക്ക് 12 മണിയോടെയാണ് കരുണാകരന് എന്നയാള്‍ കുഴഞ്ഞുവീണത്. ആശുപത്രിയിലെത്തിച്ചെങ്കിലും കരുണാകരന്റെ മരണം സംഭവിച്ചു.കരുണാകരന്റെ പുറംഭാഗത്ത് പൊള്ളലേറ്റതായി കണ്ടെത്തിയിട്ടുണ്ട്.എന്നാല്‍ മരിച്ച രണ്ടു പേരുടേയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ സാധിക്കൂ. കാസര്‍കോട്ട് കുമ്പളയില്‍ മൂന്ന് വയസുകാരിക്കും,തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കൊല്ലം പുനലൂരില്‍ വച്ച് ആര്‍എസ്പി മണ്ഡലം സെക്രട്ടറി നാസര്‍ ഖാനും സൂര്യാഘാതമേറ്റു.
ഉഷ്ണതരംഗത്തിന് സാധ്യതയുളളതിനാല്‍ 11 മണി മുതല്‍ 3 മണിവരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് ദുരന്ത നിവാരണ അതോറ്റി മുന്നറിയിപ്പ് നല്കി.സംസ്ഥാനത്തെ പത്തോളം ജില്ലകളില്‍ താപനില രണ്ട് ഡിഗ്രീ മുതല്‍ നാല് ഡിഗ്രീ വരെ വര്‍ധിക്കുമെന്നും ഉഷ്ണതരംഗത്തിനും സൂര്യാഘാതത്തിനുമുള്ള സാധ്യതയുണ്ടെന്നും ദുരന്തനിവാരണ അഥോറിറ്റി മുന്നറിയിപ്പു നല്കി.