തിരുവനന്തപുരം: വിദേശികള്‍ക്ക് കേരളത്തിന്റെ അനുപമമായ പ്രകൃതിസൗന്ദര്യം ആസ്വദിക്കാന്‍ അവസരം നല്‍കുന്നതിനൊപ്പം  ആയുര്‍വേദ പാരമ്പര്യത്തെയും ചികില്‍സാവിധികളെയും സംബന്ധിച്ച അടിസ്ഥാന ധാരണയും അറിവും പകരുന്ന ഹ്രസ്വ പാഠ്യപദ്ധതിയുമായി കേരള ടൂറിസം ഡവലപ്‌മെന്റ് കോര്‍പറേഷന്‍ (കെടിഡിസി). ‘ആയുര്‍ബോധ’ എന്ന പേരില്‍ കെടിഡിസി ആവിഷ്‌കരിക്കുന്ന പതിനഞ്ചു ദിവസത്തെ ബോധവല്‍കരണ കോഴ്‌സ് ലോകത്തിലെ ഏറ്റവും വിപുലമായ  ടൂറിസം മേളകളിലൊന്നായ ലണ്ടനിലെ  വേള്‍ഡ് ട്രാവല്‍ മാര്‍ട്ടില്‍ (ഡബ്ല്യുടിഎം) അനാവരണം ചെയ്തു. വിദേശസഞ്ചാരികള്‍ക്ക് കേരളത്തിന്റെ ആയുര്‍വേദ ചികില്‍സാരീതികളെയും ആയുര്‍വേദാധിഷ്ഠിതമായ ജീവിതശൈലിയെയും പറ്റി പ്രാഥമിക ധാരണ പകരാന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ ലഘുപാഠ്യപദ്ധതി. 
ആയുര്‍വേദാധിഷ്ഠിതമായ ജീവിതശൈലി, ഭക്ഷണക്രമം, നാട്ടുമരുന്നു പ്രയോഗങ്ങള്‍,  ഒറ്റമൂലികള്‍, യൗവനം നിലനിര്‍ത്താനുള്ള മാര്‍ഗങ്ങള്‍, വേദനസംഹാരത്തിനുള്ള മാര്‍ഗങ്ങള്‍, പഞ്ചകര്‍മ ചികില്‍സ എന്നിവയെക്കുറച്ചുള്ള അറിവും  ഇതുവഴി ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നു. വിദഗ്ധ ആയുര്‍വേദ ചികില്‍സകര്‍ നയിക്കുന്ന ഈ പാഠ്യപദ്ധതിക്കൊടുവില്‍ സര്‍ട്ടിഫിക്കറ്റും നല്‍കും. താമസവും പ്രാതലുമടക്കം ഒരു ദിവസത്തെ ഫീസ് നൂറു ഡോളറാണ്. സഞ്ചാരികള്‍ക്ക് അവര്‍ക്കിഷ്ടമുള്ള പരിശീലനകേന്ദ്രം തെരഞ്ഞെടുക്കാനാകും.
ചികില്‍സയിലൂടെയും തിരുമ്മലിലൂടെയും മറ്റും  മാത്രം  പരിചയിച്ചിരുന്ന ആയുര്‍വേദ മഹത്വത്തെ ചുരുങ്ങിയ ദിവസത്തെ പാഠങ്ങളിലൂടെ ഏറ്റവും നന്നായി ഉള്‍ക്കൊള്ളാനുള്ള അവസരമാണ് വിദേശികള്‍ക്ക് കെടിഡിസി ഒരുക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തിലെ പ്രശാന്തമായ അന്തരീക്ഷത്തില്‍ ഒഴിവുകാലത്തെ സമ്പന്നമാക്കാന്‍  കാലാതിവര്‍ത്തിയായ ആയുര്‍വേദം അവരെ സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വേണു വി, ടൂറിസം ഡയറക്ടര്‍ ബാലകിരണ്‍, കെടിഡിസി മാനേജിംഗ് ഡയറക്ടര്‍ ആര്‍.രാഹുല്‍ വിവിധ രാജ്യങ്ങളിലെ ടൂറിസം വ്യവസായ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.