കോട്ടയം:വെള്ളപ്പൊക്ക ദുരിതം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാതൃഭൂമി ന്യൂസ് സംഘത്തിന്റെ വള്ളം മറിഞ്ഞ് കാണാതായ ഡ്രൈവര്‍ ബിപിന്റെ മൃതദേഹം കണ്ടെടുത്തു.
വൈകുന്നേരം ഏഴുമണിയോടെ അപകടം നടന്നതിന് മുന്നൂറു മീറ്റര്‍ അകലെനിന്നാണ് ബിപിന്റെ മൃതദേഹം കണ്ടെത്തിയത്.സ്ഥലത്തെത്തിയ ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു.മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഇരവിപേരൂര്‍ കോഴിമല കൊച്ചുരാമുറിയില്‍ ബാബുവിന്റെ മകനായ ബിപിന്‍ ബാബു മാതൃഭൂമി തിരുവല്ല ബ്യൂറോയിലെ കാര്‍ ഡ്രൈവറാണ്.രാവിലെ പ്രാദേശിക ലേഖകനായ സജിയുടെ മൃതദേഹം കണ്ടെടുത്തിരുന്നു.സജിയുടെ സംസ്‌കാരം വൈകിട്ട് അഞ്ചുമണിക്ക് നടന്നു.
കോട്ടയം കടുത്തുരുത്തിക്കടുത്ത് മുണ്ടാര്‍ പ്രദേശത്തെ വെള്ളപ്പൊക്കദുരിതം റിപ്പോര്‍ട്ട് ചെയ്ത് മടങ്ങുമ്പോള്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് കല്ലറയ്ക്കടുത്ത് കരിയാറില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വള്ളം മറിഞ്ഞത്.ന്യൂസ് സംഘത്തിലുണ്ടായിരുന്ന മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ കെ.ബി ശ്രീധരനേയും,തിരുവല്ല യൂണിറ്റിലെ ക്യാമറാമാന്‍ അഭിലാഷ് നായരേയും ഉടന്‍ തന്നെ നാട്ടുകാരെത്തി രക്ഷിച്ചു.