ബെംഗളൂരു: വോളിബോള്‍ താരവും ദേശീയ ടീം മുന്‍ പരിശീലകനുമായിരുന്ന അച്യുതക്കുറുപ്പ് (75) ബെംഗളുരുവില്‍ അന്തരിച്ചു. വടകര ഓര്‍ക്കാട്ടേരി സ്വദേശിയായ അച്യുതക്കുറുപ്പ് ഇന്നു പുലര്‍ച്ചെയാണ് വിടവാങ്ങിയത്. ഉച്ചയോടെ മൃതദേഹം നാട്ടിലെത്തിക്കും.
1986 ല്‍ ന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് എത്തിയ അദ്ദേഹം സോളില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായിരുന്നു. സര്‍വീസസിനു വേണ്ടി കളിച്ചിട്ടുള്ള അച്യുതക്കുറുപ്പ് വിരമിച്ച ശേഷമായിരുന്നു കോച്ചിങ്ങില്‍ പരിശീലനം നേടിയത്.
1989 ല്‍ ജപ്പാനില്‍ നടന്ന ഇന്റര്‍നാഷണല്‍ ഫ്രണ്ട്ഷിപ്പ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ വെള്ളി നേടിയത് അച്യുതക്കുറുപ്പിന്റെ ശിക്ഷണത്തിലായിരുന്നു.
പഞ്ചാബ് സ്വദേശിനിയായ കുസും ആണ് ഭാര്യ. മക്കളായ ആനന്ദക്കുറുപ്പ്, അനുരാധ എന്നിവര്‍ ദേശീയ വോളിബോള്‍ താരങ്ങളായിരുന്നു. അച്യുതക്കുറുപ്പിന്റെ സഹോദരന് ഗോപിയും വോളിബോള്‍ താരമായിരുന്നു.
ബെംഗളൂരുവില്‍ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ(സായി) ആരംഭിക്കുന്നതിനു വേണ്ടി മുന്‍കയ്യെടുത്തവരില്‍ പ്രധാനിയായിരുന്ന അച്യുതക്കുറുപ്പ് സായിയില്‍ പരിശീലകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.