കൊച്ചി : വോള്‍വോ എക്‌സ്‌സി90 കാര്‍ വോള്‍വോ ഇന്ത്യയുടെ ബങ്കളൂരു പ്ലാന്റില്‍ നിന്ന് പുറത്തിറങ്ങി. ഇന്ത്യയില്‍ നിര്‍മിക്കപ്പെട്ട പ്രഥമ വോള്‍വോ കാറാണിത്.
വോള്‍വോയുടെ എസ്പിഎ മോഡുലാര്‍ വെഹിക്കിള്‍ ആര്‍ക്കിറ്റെക്ചര്‍ അടിസ്ഥാനമാക്കിയുള്ള മറ്റ് മോഡല്‍ കാറുകളും ഭാവിയില്‍ ബങ്കളൂരു ഫാക്ടറിയില്‍ ഉല്‍പാദിപ്പിക്കപ്പെടുമെന്ന് പുതുതായി നിയമിതനായ വോള്‍വോ ഓട്ടോ ഇന്ത്യ മാനേജിങ് ഡയറക്റ്റര്‍ ചാള്‍സ് ഫ്രമ്പ് പറഞ്ഞു.
രാജ്യത്തെ ആഢംബര വാഹന വിപണിയില്‍ നിലവില്‍ വോള്‍വോയുടെ വിഹിതം 5 ശതമാനമാണ്. ഇന്ത്യയില്‍ അസംബ്ലിങ് തുടങ്ങിയതോടെ 2020 ആവുമ്പോഴാണ് ഇത് 10 ശതമാനമായി വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി വില്‍പനയില്‍ 32 ശതമാനം വളര്‍ച്ചയാണ് കമ്പനി ഇന്ത്യയില്‍ കൈവരിച്ചത്. ഇതുവരെയുള്ള പ്രകടനം കണക്കിലെടുക്കുമ്പോള്‍ നടപ്പ് വര്‍ഷം മുന്‍ വര്‍ഷത്തേതിനേക്കാള്‍ 25 ശതമാനം വില്‍പന വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.

ബങ്കളൂരുവില്‍ നേരത്തെ തന്നെടക്ക്, ബസ്, നിര്‍മാണ സാമഗ്രികള്‍ എന്നിവ വോള്‍വോ ഉല്‍പാദിക്കുന്നുണ്ടായിരുന്നു. ഈ പ്ലാന്റിലെ പശ്ചാത്തല സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് കാറുകള്‍ നിര്‍മിക്കുന്നത്.

ഇന്ത്യയില്‍ ഇനിയും വളരുക എന്ന കമ്പനിയുടെ ദൃഢനിശ്ചയത്തിനുള്ള സാക്ഷ്യപത്രമാണ് പ്രാദേശികമായി അസംബ്ലിങ് ആരംഭിച്ച നടപടിയെന്ന് ചാള്‍സ് ഫ്രമ്പ് പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷം വോള്‍വോയെ സംബന്ധിച്ചേടത്തോളം മികച്ച പ്രതികരണമാണ് ഇന്ത്യയില്‍ നിന്ന് ലഭിച്ചത്. പുതിയ കാറുകള്‍ വിപണിയിലെത്തിക്കാനും കൂടുതല്‍ ഡീലര്‍ഷിപ്പുകള്‍ തുടങ്ങാനും സാധിച്ചു. ഇതര രാജ്യങ്ങളില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന കാറുകളുടെ അതേ ഗുണമേന്മ ഇന്ത്യയില്‍ നിര്‍മിക്കുന്നവയ്ക്കും ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് ഫ്രമ്പ് വ്യക്മാക്കി.

കേന്ദ്ര സര്‍ക്കാറിന്റെ ‘മേക് ഇന്‍ ഇന്ത്യ’ നയത്തിന്റെ ചുവടിപിടിച്ചാണ് പ്രാദേശികമായി ഉല്‍പാദനമാരംഭിച്ചിട്ടുള്ളത്.

ഇന്ത്യയില്‍ ആഢംബര കാര്‍ വിപണി നിലവില്‍ ചെറുതാണെങ്കിലും ഭാവിയില്‍ വലിയ വളര്‍ച്ചാ സാധ്യതയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. 2017-ല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ച വോള്‍വോയ്ക്ക് കൊച്ചിയിലടക്കം 18 നഗരങ്ങളില്‍ ഡീലര്‍ഷിപ്പുകളുണ്ട്. കോഴിക്കോട്ട് ഉടന്‍ തന്നെ ഡീലര്‍ഷിപ്പാരംഭിക്കുന്നതാണ്.