തിരുവനന്തപുരം: വിമത സ്വരങ്ങളെയും എതിര്‍വാദങ്ങളെയും അടിച്ചമര്‍ത്താനും നിശബ്ദമാക്കാനും സംഘടിതശ്രമം നടക്കുന്ന ഇക്കാലത്ത് കേരളത്തിനും അസഹിഷ്ണുതയുടെ ഇരയാകേണ്ടിവരുന്നുവെന്നും ഒട്ടേറെ രാജ്യാന്തര പ്രാധാന്യമുള്ള ചടങ്ങുകള്‍ക്ക് വേദിയാകുന്നതെന്നതിലൂടെ ഈ നാട് അവയെ മറികടക്കുകയാണെന്നും  പ്രശസ്ത ഹിന്ദി കവിയും നിരൂപകനും റസ ഫൗണ്ടേഷന്‍ സെക്രട്ടറിയുമായ അശോക് വാജ്‌പേയ് പറഞ്ഞു. ഭാരത് ഭവന്‍  സംഘടിപ്പിക്കുന്ന പതിനൊന്നാമത് കൃത്യ കവിതോത്സവത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. 
പരമ്പരാഗതവും യാഥാസ്ഥിതികവും ആധുനികവും വിപ്ലവാത്മകവുമായ വ്യത്യസ്തവീക്ഷണഗതികള്‍ക്ക് ഒരേ സമയം നിലനില്‍ക്കാനാവുക കേരളത്തില്‍ മാത്രമാണെന്നും രാജ്യമെമ്പാടും വിമതസ്വരങ്ങള്‍ക്കെതിരെ ഭീഷണികള്‍ നിലനില്‍ക്കുമ്പോഴും കേരളം മുന്നോട്ടുതന്നെ നീങ്ങുകയാണെന്നും  ബിനാലെയും രാജ്യാന്തര ചലച്ചിത്രോല്‍സവങ്ങളും കേരളത്തിന്റെ മണ്ണില്‍ സുഗമമായി സംഘടിപ്പിക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.  
കവിത വിമതസ്വരങ്ങളുടേതാണ്, സത്യപ്രസ്താവങ്ങളുടേതല്ല. യാഥാര്‍ഥ്യങ്ങളുടെ ജനാധിപത്യപരമായ പ്രഖ്യാപനങ്ങളാണ് കവിത. ലോകത്തെല്ലായിടത്തും ആത്മീയത നിരാകരിക്കപ്പെടുമ്പോള്‍ കവിതയുടേതാണ് അവസാനശ്രമമെന്നും അദ്ദേഹം പറഞ്ഞു. കവിത നിയമലംഘനം കൂടിയാണ്. ആരു ശ്രദ്ധിച്ചാലും ഇല്ലെങ്കിലും കവിതയുടെ സ്വരം ഉയര്‍ന്നു തന്നെ കേള്‍ക്കും. കവിത എപ്പോഴും ജീവിതത്തെ ആഘോഷിക്കുകയാണ്. ജീവിതവും കവിതയെ ആഘോഷിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
നവംബര്‍ 11 വരെ ജില്ലയിലെ കലാലയങ്ങളും ജയിലുമുള്‍പ്പെടെ വിവിധ വേദികളില്‍ നടക്കുന്ന കൃത്യ പൊയട്രി ഫെസ്റ്റിവല്‍, അസഹിഷ്ണുതയ്ക്കും വംശീയതയ്ക്കുമെതിരായ കവിത എന്ന പ്രമേയത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. തുര്‍ക്കി കവി അതോല്‍ ബെഹ്‌റാമോഗ്‌ലു, എസ്‌തോണിയന്‍ കവി ഡോറിസ് കരേവ, ഡച്ച് കവി ബാസ് ക്വാക്മാന്‍ എന്നിവരുള്‍പ്പെടെ വിദേശത്തും രാജ്യത്തുമുള്ള ഒട്ടേറെ കവികള്‍ മൂന്നു ദിവസം നീളുന്ന പൊയട്രി ഫെസ്റ്റിവലില്‍ കവിതകള്‍ അവതരിപ്പിക്കും.
രാജ്യത്തിനകത്തും പുറത്തുമുള്ള കവികളെ പരിചയപ്പെടുത്തുന്നതിനായി റസ ഫൗണ്ടേഷന്‍ നേരിട്ടും പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. നവംബര്‍ 16ന് എസ്‌തോണിയന്‍ കവി ഡോറിസ് കരീവയുടെയുടെ കവിതാവായന റസ ഫൗണ്ടേഷന്‍ നടത്തുകയാണ്. നവംബര്‍ 23ന് നടക്കുന്ന റസ ഫൗണ്ടേഷന്റെ ആജ് കവിതാ സീരീസില്‍ യുവകവികള്‍ സൃഷ്ടികള്‍ അവതരിപ്പിക്കും. നവംബര്‍ 22 മുതല്‍ 23 വരെ നടക്കുന്ന യുവ എന്ന പരിപാടിയില്‍ യുവ ഹിന്ദി എഴുത്തുകാര്‍ ഒത്തുചേരും. വാക്ദ് റസ ബിനാലെ ഒ#ാഫ് ഏഷ്യന്‍ പൊയട്രി എന്ന പേരില്‍ പേരില്‍ 2019 ഏപ്രിലില്‍ ഫൗണ്ടേഷന്‍ നടത്തുന്ന കവികള്‍ക്കായുള്ള പ്രമുഖ പരിപാടിയില്‍ മലയാളി എഴുത്തുകാരിയായ അനിത തമ്പിയും പങ്കെടുക്കുന്നുണ്ട്.