ന്യൂഡല്‍ഹി:ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ അയയ്ക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തി വാട്‌സാപ്പ്.വ്യാജ വാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.ഇനി ഒരു തവണ അഞ്ചു പേര്‍ക്ക് മാത്രം സന്ദേശം ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കുന്ന തരത്തില്‍ നിയന്ത്രിക്കുമെന്നാണ് സൂചനകള്‍.ഇതിന് പുറമെ കൂട്ടമായി സന്ദേശങ്ങള്‍ അയക്കുന്നതിനും നിയന്ത്രണം ഉണ്ടായേക്കും.ക്വിക്ക് ഫോര്‍വേഡ് ബട്ടണ്‍ സംവിധാനവും വാട്‌സാപ്പ് നീക്കം ചെയ്തു.അടുത്തിടെ 30 സന്ദേശങ്ങള്‍ കൂട്ടമായി സെലക്ട് ചെയ്ത് അയയ്ക്കാന്‍ വാട്സാപ്പില്‍ സംവിധാനം ഒരുക്കിയിരുന്നു.
വാട്‌സാപ്പിലൂടെ ഏറ്റവുമധികം സന്ദേശങ്ങള്‍ കൈമാറുന്നത് ഇന്ത്യക്കാരാണ്.എന്നാല്‍ അടുത്തകാലത്തായി വാട്‌സാപ്പിലൂടെ വ്യാജസന്ദേശങ്ങള്‍ പ്രചരിച്ചത് കലാപങ്ങള്‍ക്ക് വരെ കാരണമായെന്ന പരാതികളെത്തുടര്‍ന്നാണ് നടപടി.വ്യാജ സന്ദേശങ്ങളുടെ പ്രചരണം തടയുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പ്രസ്താവന ഇറക്കിയിരുന്നു.