പത്തനംതിട്ട:ശബരിമലയിലെ നിരോധനാജ്ഞ വീണ്ടും നീട്ടി.ബുധനാഴ്ച അര്‍ധരാത്രി വരെയാണ് നിരോധനാജ്ഞ നീട്ടിയത്. നിലവിലുള്ള നിരോധനാജ്ഞ ഇന്ന് അവസാനിക്കാനിരിക്കേ പൊലീസ് ആവശ്യപ്പെട്ട പ്രകാരമാണ് കലക്ടര്‍ നിരോധനാജ്ഞ നീട്ടിയത്.
പ്രതിഷേധങ്ങള്‍ മലയിറങ്ങിയതോടെ ശബരിമല ഇപ്പോള്‍ ശാന്തമാണ്.എന്നിരുന്നാലും സ്ത്രീപ്രവേശനവിധി നിലനില്‍ക്കുന്നതുകൊണ്ട് എപ്പോള്‍ വേണമെങ്കിലും സംഘര്‍ഷത്തിനുള്ള സാധ്യത പോലീസ് കാണുന്നുണ്ട്. മാത്രമല്ല തമിഴ്നാട്ടിലെ ഹിന്ദുസംഘടനകള്‍ സ്ത്രീകളെ വാവരുനടയിലും ശബരിമലയിലും എത്തിക്കാന്‍ പദ്ധതിയിടുന്നുവെന്ന് പോലീസിന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് കിട്ടിയിരുന്നു.ഇതിന്റെ പശ്ചാത്തലത്തില്‍കൂടി ശബരിമലയില്‍ പോലീസ് അതീവജാഗ്രത പുലര്‍ത്തുന്നുണ്ട്.
ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ശബരിമലയിലെ നിരോധനാജ്ഞ ഭക്തര്ക്ക്ത ടസ്സമുണ്ടാക്കുന്നതല്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.ഇതേത്തുടര്‍ന്ന് നിയന്ത്രണങ്ങളില്‍ പോലീസ് ഇളവുവരുത്തിയിരുന്നു.കഴിഞ്ഞദിവസം ദേവസ്വം ബോര്‍ഡിന്റെ ആവശ്യപ്രകാരം സന്നിധാനത്ത് മഹാകാണിക്കക്ക് മുന്നിലെ പൊലീസ് വടം മാറ്റി. എന്നാല്‍ വാവര് നടക്ക് മുന്നിലെ ബാരിക്കേഡ് മാറ്റിയിട്ടില്ല.