കൊച്ചി:ശബരിമലയിലുണ്ടായ പോലീസ് നടപടിയില്‍ സര്‍ക്കാരിനു ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.ഭക്തരോട് സന്നിധാനത്ത് കയറരുതെന്ന് പറയാന്‍ പൊലീസിന് എന്ത് അധികാരമാണുള്ളതെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് ചോദിച്ചു.പൊലീസ് നടപടിയില്‍ എതിര്‍പ്പ് അറിയിച്ച കോടതി ഇന്ന് ഉച്ചയ്ക്ക് തന്നെ എജിയോട് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാനും നിര്‍ദേശിച്ചു.ശബരിമലയിലെ നിയന്ത്രണങ്ങള്‍ക്കെതിരായി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം.
യുവതി പ്രവേശനത്തിലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അതിക്രമം നടത്തുകയാണെന്നും പൊലീസ് അതിക്രമത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മര്‍ദ്ദനമേറ്റെന്നും കോടതി പറഞ്ഞു.ശബരിമലയില്‍ ഇത്ര കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത് എന്തിനാണെന്ന് കോടതി ചോദിച്ചു.ശബരിമലയില്‍ നിയോഗിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ പൂര്‍ണമായ വിവരങ്ങള്‍ നല്‍കണം.ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള പരിശീലനം അവര്‍ക്ക് ലഭിച്ചിട്ടുണ്ടോ എന്നകാര്യം വ്യക്തമാക്കാനും കോടതി നിര്‍ദ്ദേശിച്ചു.
യഥാര്‍ഥ ഭക്തരെയും തീര്‍ത്ഥാടകരെയും ശബരിമലയിലെത്തിക്കാന്‍ സര്‍ക്കാരിന് കടമയുണ്ട്.ശബരിമലയില്‍ ഭക്തര്‍ക്കു വേണ്ട യാതൊരു സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടില്ല. കെഎസ്ആര്‍ടിസിയ്ക്ക് ശബരിമലയില്‍ കുത്തക നല്‍കുന്നത് ശരിയാണോയെന്നും കോടതി ചോദിച്ചു.
ശബരിമലയിലെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും ക്രമസമാധാനത്തിന്റെ ചുമതല മാത്രം നോക്കിയാല്‍ മതിയെന്നും നേരത്തേ കോടതി പറഞ്ഞിരുന്നു.