തിരുവനന്തപുരം:ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് സുപ്രീംകോടതിയില്‍ നല്‍കിയ പട്ടിക അബദ്ധപഞ്ചാംഗമായതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാതെ വകുപ്പുകള്‍. റിപ്പോര്‍ട്ടിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനെന്ന് ദേവസ്വംബോര്‍ഡും സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാനല്ല റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് പൊലീസും പറയുന്നു. എന്നാല്‍ വിഷയത്തില്‍ സര്‍ക്കാരിന് ആശയക്കുഴപ്പം ഇല്ലെന്നായിരുന്നു ദേവസ്വം മന്ത്രിയുടെയും വ്യവസായ മന്ത്രിയുടെയും പ്രതികണം. ശബരിമലയില്‍ 51 അല്ല അതില്‍ കൂടുതല്‍ യുവതികള്‍ കയറിയിട്ടുണ്ടാകാമെന്ന് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. സര്‍ക്കാരിന്റെ കയ്യിലുള്ള രേഖകള്‍ പ്രകാരമാണ് ശബരിമലയില്‍ 51 സ്ത്രീകള്‍ കയറിയെന്ന് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതെന്നും മന്ത്രി പറഞ്ഞു.
സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാന്‍ വേണ്ടിയന്നെും വിര്‍ച്വല്‍ ക്യൂ വഴി രജിസ്റ്റര്‍ ചെയ്തവരുടെ പട്ടികയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നെന്നും പൊലീസ് പറയുന്നു. റിപ്പോര്‍ട്ടില്‍ ആരും സംശയം പ്രകടിപ്പിച്ചില്ലെന്നാണ് നിയമവകുപ്പിന്റെ നിലപാട്.പിഴവുകള്‍ക്ക് ഉത്തരവാദി വിര്‍ച്വല്‍ ക്യൂ വഴി രജിസ്റ്റര്‍ ചെയ്തവര്‍ മാത്രമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വൃത്തങ്ങളും പറയുന്നു.
51 സ്ത്രീകള്‍ പ്രവേശിച്ചുവെന്ന് കാണിച്ച് സര്‍ക്കാര്‍ സുപ്രീകോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലെ പട്ടികയില്‍ സ്ത്രീകളുടെ പ്രായത്തിലുള്‍പ്പെടെ വലിയ പിഴവുകള്‍ ഉണ്ടെന്ന് ദൃശ്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ലിസ്റ്റില്‍ ഒരു പുരുഷനും കടന്നുകൂടി.ഇത്ര അപഹാസ്യമായ രീതിയില്‍ പരമോന്നത കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് ശബരിമലവിഷയത്തില്‍ സര്‍ക്കാര്‍ കൈക്കൊണ്ട നിലപാടുകള്‍ക്കേറ്റ തിരിച്ചടിയായി.
അതേസമയം പട്ടികയുമായി ബന്ധപ്പെട്ട് ആരോപണങ്ങളുയര്‍ന്ന സാഹചര്യത്തില്‍ തെറ്റു തിരുത്താന്‍ പോലീസ് നടപടി തുടങ്ങിക്കഴിഞ്ഞു.ഇത് സംബന്ധിച്ച് എഡിജിപി അനില്‍കാന്തിന് ഡിജിപി ലോക്നാഥ് ബഹ്റ നിര്‍ദ്ദേശം നല്‍കി.ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് പൊലീസാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.പിഴവുകള്‍ തിരുത്തി പുതുക്കിയ റിപ്പോര്‍ട്ട് തയ്യാറാക്കുന്ന നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു.