പത്തനംതിട്ട:ശബരിമലയില്‍ ഔദ്യോഗികകാര്യങ്ങള്‍ക്കായി എത്തിയ മാധ്യമ പ്രവര്‍ത്തകയെ പ്രതിഷേധക്കാര്‍ തടയുകയും അസഭ്യം പറയുകയും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു.പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ സുഹാസിനി രാജ് മല കയറാനാവാതെ തിരിച്ചുപോയി.കനത്ത പൊലീസ് സംരക്ഷണയിലാണ് ഇവര്‍ സന്നിധാനത്തേക്ക് നീങ്ങിയതെങ്കിലും മരക്കൂട്ടത്ത് വെച്ച് ഒരു സംഘം പ്രതിഷേധക്കാര്‍ ഇവരെ തടയുകയായിരുന്നു.
മരക്കൂട്ടത്തിന് തൊട്ടുതാഴെ വച്ച് ആയിരത്തോളം പേരാണ് സൂഹാസിനിയെ കൂട്ടം കൂടി അസഭ്യവര്‍ഷവുമായി പൊതിഞ്ഞത്.പൊലീസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി.ആള്‍ക്കൂട്ടം അവരെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു.തനിക്കു നേരെ കല്ലേറുണ്ടായെന്നും സുഹാസിനി പറഞ്ഞു.
എത്ര ദൂരം മുന്നോട്ട് പോയാലും സംരക്ഷണം ഒരുക്കാമെന്ന് പൊലീസ്അറിയിച്ചെങ്കിലും ഇങ്ങനെ യാത്ര തുടരണ്ട എന്ന് സുഹാസിനി അറിയിക്കുകയായിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചിറങ്ങിയ സുഹാസിനി രാജിനെ തെറിവിളിച്ചുകൊണ്ട് പമ്പ വരെ പ്രതിഷേധക്കാര്‍ പിന്തുടര്ന്നു.സുരക്ഷയെ കരുതി പൊലീസ് സുഹാസിനെയും സുഹൃത്തായ കാള്‍ ഷ്വാസിനെയും പമ്പാ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
ന്യൂയോര്‍ക്ക് ടൈംസിന്റെ ദില്ലി ബ്യൂറോ റിപ്പോര്‍ട്ടറാണ് സുഹാസിനി രാജ്.ലക്നൗ സ്വദേശിനിയായ സുഹാസിനിക്ക് 46 വയസെന്നാണ് റിപ്പോര്‍ട്ട്.