കൊച്ചി:ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച കൊച്ചി സ്വദേശിനി രഹ്ന ഫാത്തിമയുടെ സര്‍ക്കാര്‍ ജോലി തുലാസില്‍.രഹ്നയ്‌ക്കെതിരെ വകുപ്പ് തല അന്വേഷണം നടത്താന്‍ ബി.എസ്.എന്‍.എല്‍ തീരുമാനിച്ചു.ഇക്കാര്യത്തില്‍ രഹ്നയില്‍ നിന്നും ബി.എസ്.എന്‍.എല്‍ വിശദീകരണം തേടിയിട്ടുണ്ട്.രഹ്ന ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത സ്വന്തം ചിത്രം ബി.എസ്.എന്‍.എല്ലിലെ തൊഴില്‍ നിയമങ്ങള്‍ക്ക് എതിരാണെന്നാണ് കണ്ടെത്തല്‍.                   അന്വേഷണത്തിന്റെ ഭാഗമായി ബിഎസ്എന്‍എല്‍ സൈബര്‍ സെല്ലിന് കത്തു നല്‍കി. വ്യക്തിതാത്പര്യങ്ങളുടെ പേരില്‍ ഏതെങ്കിലും ജീവനക്കാര്‍ ശബരിമല വിഷയത്തില്‍ മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ പെരുമാറിയിട്ടുണ്ടെങ്കില്‍ രാജ്യത്തെ നിയമം അനുസരിച്ചുള്ള ശിക്ഷ നടപ്പിലാക്കുമെന്നും ബി.എസ്.എന്‍.എല്‍ അധികൃതര്‍ അറിയിച്ചു.
കൊച്ചി ബിഎസ്എന്‍ എല്ലില്‍ ജൂനിയര്‍ എന്‍ജിനിനീയറായ രഹ്ന ശബരിമല സ്ത്രീപ്രവേശന വിധി വന്നതിനുപിന്നാലെ ശബരിമലയില്‍ പോകുമെന്നറിയിച്ച് ഫേസ്ബുക്കില്‍ ചിത്രം പോസ്റ്റ് ചെയ്തിരുന്നു.ഇതിനു പിന്നാലെ ഇവര്‍ക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണവുമുണ്ടായി.
രഹ്ന ഫാത്തിമ ശബരിമലയില്‍ പോയതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ബിഎസ്എന്‍എല്ലിന് കിട്ടിയിരുന്നു.രഹ്നയെ സന്നിധാനത്തെത്തിച്ചതിന്റെ പേരില്‍ പോലീസും പ്രതിരോധത്തിലായിരിക്കുകയാണ്