തിരുവനന്തപുരം:ചട്ടലംഘനമാകുമെന്നതിനാല്‍ ശബരിമലയുടെ പേരു പറയാതെ കേരളത്തില്‍ മോദിയുടെ തെരഞ്ഞെടുപ്പു പ്രചാരണം.എല്ലാവേദികളിലും കേരളത്തിലെ വിശ്വാസ സംരക്ഷണത്തിനായി പോരാടുമെന്ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന എന്‍ഡിഎ തെരഞ്ഞെടുപ്പു റാലിയില്‍ മോദി പറഞ്ഞു.
കേരളത്തില്‍ ഈശ്വരന്റെ പേര് ഉച്ചരിച്ചാല്‍ കള്ളക്കേസില്‍ കുടുക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയുമാണ് ചെയ്യുന്നത്.ആചാരങ്ങളെയും വിശ്വാസങ്ങളെയും കമ്മ്യൂണിസ്റ്റുകാര്‍ ഇഷ്ടപ്പെടുന്നില്ല.എന്നാല്‍ വിശ്വാസങ്ങളെ തകര്‍ക്കാന്‍ ബിജെപി അനുവദിക്കില്ലെന്നും ഇതിനായി ഓരോ കുഞ്ഞും രംഗത്തിറങ്ങുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വിശ്വാസത്തിന്റെ കാര്യത്തില്‍ ബിജെപിയുടെ നിലപാട് വ്യക്തമായ നിലപാടാണ്. എന്നാല്‍ കോണ്‍ഗ്രസിന്റേത് അപകടകരമായ ഇരട്ടത്താപ്പാണ്.മെയ് 23 ന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരും.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുന്നതിനെയും മോദി വിമര്‍ശിച്ചു.ദക്ഷിണേന്ത്യയ്ക്ക് സന്ദേശം നല്‍കാനാണ് രാഹുല്‍ വയനാട്ടില്‍ വന്നിരിക്കുന്നതെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. അങ്ങിനെയെങ്കില്‍ രാഹുലിന് തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ മത്സരിക്കാമായിരുന്നില്ലേയെന്നും മോദി ചോദിച്ചു.
ഇവിടെ തമ്മില്‍ ഏറ്റുമുട്ടിയാലും കേരളത്തിലെ രണ്ട് മുന്നണികളും ദില്ലിയിലെത്തിയാല്‍ ഒന്നാണ്. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ കേരളത്തിലെ വയനാട്ടില്‍ മത്സരിച്ച് ഇടതിനെതിരെ ഒരക്ഷരം മിണ്ടില്ലെന്ന് പറയുന്നു. കേരളത്തില്‍ ഗുസ്തി, ദില്ലിയില്‍ ദോസ്തി (ചങ്ങാത്തം). ഇതാണ് ഇവരുടെ രാഷ്ട്രീയം’ മോദി പരിഹസിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനെയും നരേന്ദ്ര മോദി വെറുതെ വിട്ടില്ല. ലാവ്‌ലിന്‍ അഴിമതിയാരോപണത്തിന്റെ നിഴലില്‍ നില്‍ക്കുന്നയാളാണ് കേരളത്തിന്റെ മുഖ്യമന്ത്രി. മറ്റ് മന്ത്രിമാര്‍ക്കെതിരെയും ഗുരുതരമായ അഴിമതിയാരോപണങ്ങളുണ്ട്. പ്രളയത്തിന് ശേഷം കേരളത്തിന് ലഭിച്ച സഹായം പോലും തട്ടിയെടുക്കുകയായിരുന്നു ഇവിടത്തെ സര്‍ക്കാരെന്നും പ്രധാനമന്ത്രി ആരോപിച്ചു.