കൊച്ചി:ശബരിമലയില്‍ യുവതികള്‍ക്ക് ദര്‍ശനത്തിനായി രണ്ടുദിവസം മാറ്റി വയ്ക്കാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ശബരിമലയില്‍ പോകാന്‍ സുരക്ഷ ആവശ്യപ്പെട്ട് നാല് യുവതികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. യുവതികള്‍ക്ക് ദര്‍ശനത്തിന് മൂന്ന് ദിവസം മാറ്റി വയ്ക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാന്‍ അവകാശമുള്ളത് പോലെ തന്നെ സുരക്ഷയ്ക്കും അവകാശമുണ്ടെന്നു പറഞ്ഞ കോടതി യുവതീ പ്രവേശനം സാധ്യമാക്കാന്‍ എന്തൊക്കെ സൗകര്യങ്ങള്‍ ഒരുക്കിയെന്ന് ദേവസ്വംബോര്‍ഡിനോട് ആരാഞ്ഞു.
വിധി നടപ്പാക്കാന്‍ എത്ര സമയം വേണമെന്നും കോടതി ചോദിച്ചു.ശബരിമലയില്‍ ഒരുക്കേണ്ട സൗകര്യങ്ങളെ കുറിച്ച് പത്ത് ദിവസത്തിനകം അറിയിക്കാമെന്ന് സ്റ്റേറ്റ് അറ്റോര്‍ണി കോടതിയെ അറിയിച്ചെങ്കിലും ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.